
ഈ ആഴ്ചയിൽ പ്രേക്ഷകരെ ആവേശത്തിലാഴ്ത്താൻ അഞ്ച് ചിത്രങ്ങളാണ് ഒ.ടി.ടിയിലെത്തുന്നത്. മലയാള സിനിമയായ മൂണ്‍ വാക്ക്, മിസ്റ്റർ & മിസിസ് ബാച്ചിലർ, നരിവേട്ട, തെലുങ്ക് സിനിമകളായ കലിയുഗം, 8 വസന്തലു എന്നിവയാണ് ജൂലൈ 11ന് ഒ.ടി.ടിയിലെത്തുന്നത്.
മൂണ്‍ വാക്ക്
മാജിക് ഫ്രെയിംസ്, ആമേൻ മൂവി മോണാസ്ട്രി, ഫയർ വുഡ് ഷോസ് എന്നീ ബാനറുകളിൽ ലിജോ ജോസ് പെല്ലിശ്ശേരി അവതരിപ്പിച്ച് ലിസ്റ്റിൻ സ്റ്റീഫനും ജസ്‌നി അഹ്‌മദും ചേർന്ന് നിർമിച്ച ചിത്രമാണ് 'മൂണ്‍ വാക്ക്'. എ.കെ. വിനോദ് സംവിധാനം ചെയ്ത ചിത്രത്തിൽ ബ്രേക്ക്ഡാൻസിനെ പ്രണയിച്ച, കേരളത്തിലെ മൈക്കിൾ ജാക്സൻമാരുടെ കഥയാണ് അവതരിപ്പിക്കുന്നത്. 134ൽ പരം പുതുമുഖങ്ങൾ അഭിനയിച്ച ചിത്രം ജിയോ ഹോട്സ്റ്റാറിലൂടെയാണ് ഒടിടിയിൽ എത്തുന്നത്.
നരിവേട്ട
അനുരാജ് മനോഹർ സംവിധാനം ചെയ്ത് ടൊവിനോ തോമസ് പ്രധാന വേഷത്തിലെത്തിയ ചിത്രമാണ് 'നരിവേട്ട'. മികച്ച പ്രേക്ഷക പ്രതികരണം നേടിയ ചിത്രം ബോക്സ് ഓഫീസിലും നേട്ടമുണ്ടാക്കിയിരുന്നു. പൊളിറ്റിക്കൽ ഡ്രാമ വിഭാഗത്തിലെത്തിയ ചിത്രമായിരുന്നു നരിവേട്ട. സോണി ലൈവിയൂടെയാണ് നരിവേട്ട ഒ.ടി.ടിയിലെത്തുന്നത്. ജൂലൈ 11 മുതൽ ചിത്രം സ്ട്രീമിങ് ആരംഭിക്കും.
മിസ്റ്റർ & മിസിസ് ബാച്ചിലർ
ഇന്ദ്രജിത്ത് സുകുമാരനും അനശ്വര രാജനും പ്രധാന വേഷങ്ങളിൽ അഭിനയിച്ച മലയാളം റൊമാന്റിക് കോമഡി ചിത്രമാണ് മിസ്റ്റർ & മിസിസ് ബാച്ചിലർ. ദീപു കരുണാകരൻ സംവിധാനം ചെയ്ത ഈ സിനിമയുടെ രചന നിർവ്വഹിച്ചത് അർജുൻ ടി. സത്യനാണ്. ചിത്രം ജൂലൈ 11 മുതൽ മനോരമമാക്സിലൂടെ ഒടിടിയിൽ എത്തും.
കലിയുഗം
പോസ്റ്റ്-അപ്പോക്കലിപ്റ്റിക് സൈക്കോളജിക്കൽ ത്രില്ലർ ചിത്രമാണ് കലിയുഗം. പ്രമോദ് സുന്ദർ ആദ്യമായി സംവിധാനം ചെയ്ത ചിത്രം ആർ.കെ ഇന്റർനാഷണലിന്റെയും പ്രൈം സിനിമാസിന്റെയും ബാനറുകളിൽ കെ.എസ് രാമകൃഷ്ണയും കെ. രാംചരണും ചേർന്നാണ് നിർമിക്കുന്നത്. തമിഴിലും തെലുങ്കിലും ഒരേസമയം നിർമിച്ച ഈ ചിത്രത്തിന്റെ തെലുങ്ക് പതിപ്പായ കലിയുഗം 2064 ൽ ശ്രദ്ധ ശ്രീനാഥും കിഷോറുാമണ് പ്രധാന വേഷങ്ങളിലെത്തുന്നത്. ചിത്രം ജൂലൈ 11 മുതൽ സൺ എൻ.എക്സ്.ടിയിൽ സ്ട്രീം ചെയ്യും.
8 വസന്തലു
മൈത്രി മൂവി മേക്കേഴ്‌സ് നിർമിച്ച് ഫണീന്ദ്ര നർസെറ്റി സംവിധാനം ചെയ്ത തെലുങ്ക് റൊമാന്റിക് ഡ്രാമ ചിത്രമാണ് 8 വസന്തലു. എട്ട് വർഷത്തെ യാത്രയുടെ കഥയാണ് പറയുന്നത്. 8 വസന്തലു ജൂലൈ 11ന് നെറ്റ്ഫ്ലിക്സിലൂടെ സ്ട്രീം ചെയ്യും. തെലുങ്ക്, തമിഴ്, കന്നഡ, മലയാളം എന്നീ ഭാഷകളിൽ ലഭ്യമാകും.