തിരുവനന്തപുരം: മകൾ ദിയ കൃഷ്ണയുടെ ഉടമസ്ഥതയിലുള്ള സ്ഥാപനത്തിൽ നടന്ന സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ട് നിർണായക വിവരങ്ങൾ പങ്കുവെച്ച് നടനും രാഷ്ട്രീയ പ്രവർത്തകനുമായ കൃഷ്ണകുമാർ. കേസിൽ ക്രൈംബ്രാഞ്ച് കുറ്റപത്രം സമർപ്പിച്ചതായും, മുൻ ജീവനക്കാർ സ്ഥാപനത്തെ കബളിപ്പിച്ച് 66 ലക്ഷം രൂപ തട്ടിയെടുക്കാൻ ശ്രമിച്ചതായും അദ്ദേഹം ഫേസ്ബുക്ക് വീഡിയോയിലൂടെ അറിയിച്ചു.(Financial fraud in Diya Krishna's firm, Krishnakumar shares crucial information)
സ്ഥാപനത്തിലെ മൂന്ന് വനിതാ ജീവനക്കാർ സ്ഥാപനത്തിന്റെ ക്യൂ.ആർ. കോഡിന് പകരം സ്വന്തം ക്യൂ.ആർ. കോഡ് ഉപയോഗിച്ച് 66 ലക്ഷം രൂപ തട്ടിയെടുക്കുകയായിരുന്നുവെന്ന് കൃഷ്ണകുമാർ വിശദീകരിച്ചു. ക്രൈംബ്രാഞ്ച് സമർപ്പിച്ച കുറ്റപത്രത്തിൽ ഈ മൂന്ന് ജീവനക്കാരെയും അതിൽ ഒരാളുടെ ഭർത്താവിനെയും പ്രതികളായി ചേർത്തിട്ടുണ്ട്.
പിടിയിലായപ്പോൾ, ഈ ജീവനക്കാർ വ്യാജ ആരോപണങ്ങൾ ഉന്നയിച്ച് കേസ് വഴിതിരിച്ചുവിടാൻ ശ്രമിച്ചതായും കൃഷ്ണകുമാർ ആരോപിച്ചു. "ആരോപണവിധേയരായ ജീവനക്കാർ ദൃശ്യമാധ്യമങ്ങളെ സമീപിക്കുകയും പച്ചക്കള്ളങ്ങൾ പ്രചരിപ്പിക്കുകയും ചെയ്തപ്പോഴാണ് ഈ കേസിൽ വഴിത്തിരിവുണ്ടായത്. ക്രൈംബ്രാഞ്ചിന്റെ കുറ്റപത്രം സത്യം വിജയിച്ചിരിക്കുന്നു എന്ന് തെളിയിക്കുന്നതാണ്," കൃഷ്ണകുമാർ പറഞ്ഞു.
ഒരു പൊതുപ്രവർത്തകൻ എന്ന നിലയിൽ നൈതികതയും ധാർമ്മികതയും കാത്തുസൂക്ഷിക്കണം എന്ന പൊതുവിശ്വാസത്തിന് നേരെയുള്ള ആക്രമണമായിരുന്നു പ്രസ്തുത വിഷയം. എന്നാൽ, സത്യസന്ധതയും വാസ്തവവും ഉയർത്തിപ്പിടിച്ച് നിലപാടെടുത്തപ്പോൾ കേരളക്കര ഒന്നടങ്കം തങ്ങളെ ചേർത്തുപിടിച്ചതായും അദ്ദേഹം കൂട്ടിച്ചേർത്തു. പ്രയാസഘട്ടത്തിൽ തൻ്റെ കുടുംബത്തോടൊപ്പം നിന്ന എല്ലാവർക്കും കേരളത്തിലെ പ്രിയപ്പെട്ട ജനങ്ങൾക്കും അദ്ദേഹം നന്ദി അറിയിച്ചു.