
പ്രതിസന്ധികളെല്ലാം തരണം ചെയ്ത് കാന്താര സിനിമയുടെ രണ്ടാം ഭാഗം ചിത്രീകരണം പൂര്‍ത്തിയാക്കി. മൂന്ന് വര്‍ഷം നീണ്ടുനിന്ന ചിത്രീകരണമാണ് കഴിഞ്ഞ ദിവസം അവസാനിച്ചത്. ആദ്യ ഭാഗത്തില്‍ പ്രേക്ഷകര്‍ കണ്ട കഥയുടെ മുമ്പ് നടന്ന സംഭവങ്ങളാകും കാന്താരയുടെ തുടര്‍ച്ചയില്‍ കാണാന്‍ കഴിയുക. 'കാന്താര: എ ലെജന്‍ഡ് ചാപ്റ്റര്‍ വണ്‍' എന്നാണ് പ്രീക്വലിന് നല്‍കിയിരിക്കുന്ന പേര്.
റിഷഭ് ഷെട്ടി തിരക്കഥയെഴുതി സംവിധാനം ചെയ്ത കാന്താരയിൽ, അദ്ദേഹം അവതരിപ്പിച്ച ശിവ എന്ന കഥാപാത്രത്തിന്റെ ഭൂതക്കോലം കെട്ടുന്ന പിതാവിന്റെ കഥയായിരിക്കും വരാനിരിക്കുന്ന ചിത്രമെന്നാണ് വിവരം. ഹോംബാലെ ഫിലിംസ് നിർമിക്കുന്ന ചിത്രത്തിൽ അനിരുദ്ധ് മഹേഷ്, ഷാനിൽ ഗുരു എന്നിവരാണ് സഹ എഴുത്തുകാർ. ഛായാഗ്രഹം അരവിന്ദ് എസ്. കശ്യപ്, സംഗീതം ബി. അജനീഷ് ലോക്നാഥ്, പ്രൊഡക്‌ഷൻ ഡിസൈൻ ബംഗ്ലാൻ. ചിത്രത്തിന്റെ ആദ്യ ഭാഗം 16 കോടി ബജറ്റിലാണ് നിർമ്മിച്ചതെങ്കിൽ, രണ്ടാം ഭാഗം അതിന്റെ മൂന്നിരട്ടി ബജറ്റിലാണ് ഒരുങ്ങുന്നത്. ഒക്ടോബർ രണ്ടിനാണ് സിനിമയുടെ റിലീസ്.
സിനിമയുടെ ചിത്രീകരണത്തിനിടയിൽ പല രീതിക്കുള്ള പ്രതിസന്ധികളാണ് അണിയറക്കാർ നേരിടേണ്ടി വന്നത്. സിനിമയുമായി ബന്ധപ്പെട്ട് തുടർച്ചയായുണ്ടാകുന്ന മരണങ്ങളും അപകടങ്ങളും ഇപ്പോഴും ദുരൂഹമായി അവശേഷിക്കുന്നുണ്ട്. തെന്നിന്ത്യൻ സിനിമയായി റിലീസ് ചെയ്ത് ഇന്ത്യൻ സിനിമയിൽ തന്നെ ചലനമുണ്ടാക്കിയ ചിത്രമാണ് കാന്താര. ഋഷഭ് ഷെട്ടി സംവിധാനം ചെയ്ത് അഭിനയിച്ച ചിത്രം പ്രായഭേദമന്യേ സിനിമാസ്വാദകരെ ആകർഷിച്ചു. ഫാന്റസിയും മിത്തും കൊണ്ട് മികച്ച് കാഴ്ചാനുഭവം സൃഷ്ടിച്ച കാന്താര ബ്ലോക്ബസ്റ്റർ ചാർട്ടിൽ ഇടം നേടിയിരുന്നു.