
നടന്‍ കൃഷ്ണകുമാറിന്റെ മകളും സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സറുമായ ദിയ കൃഷ്ണയ്ക്കും ഭര്‍ത്താവ് അശ്വിന്‍ ഗണേഷിനും കുഞ്ഞ് പിറന്നതിന്റെ സന്തോഷത്തിലാണ് കൃഷ്ണകുമാറിന്റെ കുടുംബം. കുഞ്ഞിക്കാലുകളുടെ ചിത്രം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചാണ് ദിയ ആരാധകരുമായി സന്തോഷം പങ്കുവച്ചത്. ‘അവസാനം ഞങ്ങളുടെ കണ്‍മണിയെത്തി’, ചിത്രത്തിനൊപ്പം ദിയ കുറിച്ചു.
നേരത്തെ കൃഷ്ണകുമാറും ഈ സന്തോഷവാര്‍ത്ത പങ്കുവച്ചിരുന്നു. ‘വീട്ടിലൊരു പുതിയ അതിഥി എത്തിയിരിക്കുന്നു! മകൾ ദിയക്ക് ഒരാൺകുഞ്ഞ്. അമ്മയും കുഞ്ഞും സുഖമായിരിക്കുന്നു. എല്ലാവരുടെയും പ്രാർത്ഥനകൾക്കും അനുഗ്രഹങ്ങൾക്കും ഹൃദയംഗമമായ നന്ദി’ എന്നാണ് കൃഷ്ണകുമാർ കുറിച്ചത്.
‘ഞാൻ ഒരിക്കലും മറക്കാത്ത നിമിഷം. ഞങ്ങളുടെ ജീവിതത്തിലെ പ്രധാനപ്പെട്ട കഥാപാത്രം എത്തിയിരിക്കുന്നു. ഓസിയുടെയും അശ്വിന്റെയും ആൺകുട്ടി എത്തി. ഓസിയും കുട്ടിയും ആരോഗ്യത്തോടെയും സന്തോഷത്തോടെയും ഇരിക്കുന്നു. യൂണിവേഴ്സിന് നന്ദി’, എന്നാണ് കുഞ്ഞിക്കാലുകൾ പങ്കുവച്ചു കൊണ്ട് അഹാന കുറിച്ചത്. ഇഷാനി കൃഷണയും ഹൻസിക കൃഷ്ണയും സന്തോഷം സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചു.
ഗർഭിണിയായതുമുതലുള്ള വിശേഷങ്ങളെല്ലാം ദിയ യൂട്യൂബിൽ പങ്കുവയ്ക്കാറുണ്ടായിരുന്നു. നേരത്തെ ആശുപത്രിയിലേക്ക് പോകുന്ന വിഡിയോ ദിയ പോസ്റ്റ് ചെയ്തിരുന്നു. സഹോദരിമാര്‍ക്കും അമ്മയ്ക്കും അച്ഛനും അശ്വിനുമൊപ്പമാണ് ദിയ ആശുപത്രിയിലെത്തിയത്. മേക്കപ്പ് സെറ്റ് എടുത്തിട്ടുണ്ടെന്നും കുഞ്ഞ് തന്നെ ആദ്യം കാണേണ്ടത് സുന്ദരിയായിട്ടാകണമെന്നും ദിയ വിഡിയോയില്‍ പറഞ്ഞിരുന്നു.
കഴിഞ്ഞ സെപ്റ്റംബറിലായിരുന്നു കൃഷ്ണകുമാറിന്റെ രണ്ടാമത്തെ മകളായ ദിയയുടേയും ചെന്നൈ സ്വദേശിയായ അശ്വിന്റേയും വിവാഹം. ഇരുവരും നേരത്തെ സുഹൃത്തുക്കളായിരുന്നു. സോഫ്റ്റ്‌വെയര്‍ എഞ്ചിനീയറാണ് അശ്വിന്‍.