
ഈ വർഷത്തിൽ മലയാള സിനിമക്ക് മറ്റൊരു ഇൻഡസ്ട്രി ഹിറ്റ് കൂടി. ആഗോള തലത്തിൽ ഏറ്റവും ഉയർന്ന കലക്‌ഷൻ നേടുന്ന മലയാള സിനിമയായി കല്യാണി പ്രിയദർശന്റെ ‘ലോക’. എമ്പുരാന്റെ 268 കോടി കലക്‌ഷൻ റെക്കോർഡാണ് ‘ലോക’ തകർത്തത്. സ്ത്രീ കേന്ദ്ര കഥാപാത്രമായെത്തുന്ന ഒരു ഇന്ത്യൻ ചിത്രത്തിന് ചരിത്രത്തിൽ ലഭിച്ച എക്കാലത്തെയും മികച്ച കലക്‌ഷനാണ് ‘ലോക’ നേടിയിരിക്കുന്നത്.
ഇന്ത്യയിൽ നിന്ന് മാത്രം 150 കോടി രൂപ കലക്‌ഷൻ നേടുന്ന രണ്ടാമത്തെ മലയാള ചിത്രമാണ് ‘ലോക’. കേരളത്തിൽ നിന്ന് മാത്രം 100 കോടി നേടുന്ന രണ്ടാമത്തെ ചിത്രവും ‘ലോക’യാണ്. നേരത്തെ, ബുക്ക് മൈ ഷോയിലും ഓൾ ടൈം റെക്കോർഡ് ചിത്രം കരസ്ഥമാക്കിയിരുന്നു. ഒരു മലയാള സിനിമയ്ക്ക് ബുക്ക് മൈ ഷോ വഴി ലഭിച്ച ഏറ്റവും ഉയർന്ന ടിക്കറ്റ് വിൽപനയാണ് ‘ലോക’യുടേത്. 4.51 ലക്ഷം ടിക്കറ്റുകൾ ബുക്ക് മൈ ഷോ വഴി വിറ്റ ‘തുടരും’ സിനിമയുടെ റെക്കോർഡ് മറികടന്നാണ് ‘ലോക’യുടെ നേട്ടം.
കല്യാണി പ്രിയദർശനെ നായികയാക്കി ഡൊമിനിക് അരുൺ സംവിധാനം ചെയ്ത സൂപ്പർഹീറോ ചിത്രമാണ് ‘ലോക’. പാൻ ഇന്ത്യ തലത്തിലാണ് ചിത്രം വമ്പൻ വിജയം നേടുന്നത്. ചിത്രത്തിന്റെ തെലുങ്ക്, തമിഴ്, ഹിന്ദി പതിപ്പുകളും ഗംഭീര ബുക്കിങ്ങും ബോക്സ് ഓഫീസ് കലക്ഷനുമാണ് നേടുന്നത്. ബിഗ് ബജറ്റ് ഫാൻ്റസി ത്രില്ലറായി ഒരുക്കിയ ചിത്രത്തിൽ ദുൽഖർ, ടോവിനോ തുടങ്ങി അതിഥി താരങ്ങളുടെ ഒരു വലിയ നിര തന്നെയുണ്ട്.
5 ഭാഗങ്ങളുള്ള ഒരു സൂപ്പർ ഹീറോ സിനിമാറ്റിക് യൂണിവേഴ്സിലെ ആദ്യ ചിത്രമാണിത്. ചന്തു സലിംകുമാർ, അരുൺ കുര്യൻ, ശരത് സഭ, നിഷാന്ത് സാഗർ, വിജയരാഘവൻ എന്നിവരും ചിത്രത്തിന്റെ താരനിരയിലുണ്ട്. ദുൽഖർ സൽമാന്റെ വേഫെറർ ഫിലിംസ് ആണ് ചിത്രം നിർമിച്ചത്.