കൊച്ചി: വിനോദ നികുതി പിൻവലിക്കണമെന്നതടക്കമുള്ള ആവശ്യങ്ങളുന്നയിച്ച് സിനിമ സംഘടനകൾ പ്രഖ്യാപിച്ച സൂചനാ പണിമുടക്കിന് മുന്നോടിയായുള്ള നിർണ്ണായക ചർച്ചകൾ ഇന്ന് നടക്കും. കൊച്ചിയിൽ ചേരുന്ന യോഗത്തിൽ സിനിമാ നിർമ്മാതാക്കളുടെ സംഘടന വിവിധ സംഘടനാ പ്രതിനിധികളുമായി കൂടിക്കാഴ്ച നടത്തും. സമരത്തിന്റെ തീയതിയും തുടർനടപടികളും ഇന്നത്തെ യോഗത്തോടെ വ്യക്തമാകും.(Film organizations' strike, Crucial meetings today)
സിനിമാ വ്യവസായം നേരിടുന്ന സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ സർക്കാർ അടിയന്തരമായി ഇടപെടണമെന്നാണ് സംഘടനകളുടെ പ്രധാന ആവശ്യം. നിലവിലെ ജിഎസ്ടിക്ക് പുറമെ തദ്ദേശ സ്ഥാപനങ്ങൾ ഈടാക്കുന്ന അധിക വിനോദ നികുതി പൂർണ്ണമായും ഒഴിവാക്കണം.
തിയറ്ററുകൾക്ക് വലിയ സാമ്പത്തിക ബാധ്യതയുണ്ടാക്കുന്ന വൈദ്യുതി നിരക്കിൽ ഇളവ് നൽകി പ്രത്യേക താരിഫ് അനുവദിക്കണം. നിർമ്മാതാക്കൾ, വിതരണക്കാർ, തിയറ്റർ ഉടമകൾ എന്നിവർ സംയുക്തമായാണ് സമരത്തിന് ആഹ്വാനം നൽകിയിരിക്കുന്നത്.
സൂചനാ പണിമുടക്കിന് ശേഷവും സർക്കാർ അനുകൂല നിലപാട് സ്വീകരിച്ചില്ലെങ്കിൽ അനിശ്ചിതകാല സമരത്തിലേക്ക് മാറാനാണ് സിനിമാ സംഘടനകളുടെ നീക്കം. അങ്ങനെയുണ്ടായാൽ സംസ്ഥാനത്തെ എല്ലാ തിയറ്ററുകളുടെയും പ്രവർത്തനം പൂർണ്ണമായും നിലയ്ക്കും.