

പ്രണവ് മോഹൻലാൽ നായകനായെത്തിയ ഹൊറൽ ത്രില്ലർ ചിത്രം 'ഡീയസ് ഈറെ' (Dies Irae) ഒടിടിയിലേക്ക്. സംവിധായകൻ രാഹുൽ സദാശിവൻ ഒരുക്കിയ ചിത്രമാണ് ഡീയസ് ഈറെ. ഒക്ടോബർ 31ന് തിയറ്റിൽ എത്തിയ ചിത്രത്തിന് മികച്ച അഭിപ്രായമാണ് ലഭിച്ചത്. ഇന്നുവരെ മലയാളത്തിൽ കണ്ടുപരിചയമില്ലാത്ത വിധത്തിൽ ഒരുക്കിയ ഹൊറർ ചിത്രമെന്നായിരുന്നു സിനിമ കണ്ടവർ അഭിപ്രായപ്പെട്ടത്. ഇപ്പോഴിതാ സിനിമ റിലീസായി ഒരു മാസം ആകുമ്പോഴേക്കും ഒടിടി റിലീസ് സംബന്ധിച്ചുള്ള വിവരങ്ങൾ പുറത്തുവരികയാണ്.
ജിയോ സ്റ്റാർ ഗ്രൂപ്പിൻ്റെ ജിയോ ഹോട്ട്സ്റ്റാറാണ് ഡീയസ് ഈറെയുടെ ഒടിടി അവകാശം സ്വന്തമാക്കിയിരിക്കുന്നതെന്നാണ് റിപ്പോർട്ട്. ചിത്രം ഡിസംബർ പകുതിയോടെയോ, ക്രിസ്മസോടെയോ ഒടിടിയിൽ എത്താനാണ് സാധ്യത. ജിയോസ്റ്റാറിൻ്റെ കീഴിലുള്ള ഏഷ്യനെറ്റാണ് പ്രണവ് മോഹൻലാൽ ചിത്രത്തിൻ്റെ സാറ്റ്ലൈറ്റ് അവകാശം സ്വന്തമാക്കിയിരിക്കുന്നത്. അതേസമയം ഡീയസ് ഈറെയുടെ ഒടിടി റിലീസ് സംബന്ധിച്ചുള്ള ഔദ്യോഗിക സ്ഥിരീകരണം ഇതുവരെ സ്ട്രീമിങ് പ്ലാറ്റ്ഫോമോ സിനിമയുടെ അണിയറപ്രവർത്തകരോ പുറത്ത് വിട്ടിട്ടില്ല.
നൈറ്റ് ഷിഫ്റ്റ് സ്റ്റുഡിയോസിൻ്റെയും വൈനോട്ട് സ്റ്റുഡിയോസിൻ്റെയും ബാനറിൽ ചക്രവർത്തി രാമചന്ദ്രയും എസ് ശശികാന്തും ചേർന്നാണ് ഡീയസ് ഈറെ നിർമിച്ചിരിക്കുന്നത്. സംവിധായകൻ രാഹുൽ സദാശിവൻ തന്നെയാണ് ചിത്രത്തിൻ്റെ രചനയും നിർവഹിച്ചിരിക്കുന്നത്. പ്രണവിന് പുറമെ അരുൺ അജികുമാർ, ജയ കുറുപ്പ്, ജിബിൻ ഗോപിനാഥ് എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.
ഷെഹ്നാദ് ജലാൽ ആണ് ചിത്രത്തിൻ്റെ ക്യാമറ കൈകാര്യം ചെയ്തിട്ടുള്ളത്. ക്രിസ്റ്റോ സേവ്യറാണ് ചിത്രത്തിന് സംഗീതം ഒരുക്കിയിരിക്കുന്നത്. ജ്യോതിഷ് ശങ്കറാണ് ആർട്ട് ഡയറക്ടർ. ഷെഫീക്ക് മുഹമ്മദ് അലിയാണ് എഡിറ്റർ.