കൊച്ചി: മലയാള സിനിമ മേഖലയിലെ വിവിധ സംഘടനകളുടെ ഉന്നതാധികാര സമിതിയായ ഫിലിം ചേംബറിന്‍റെ ജനറൽ സെക്രട്ടറിയായി മമ്മി സെഞ്ച്വറി തെരഞ്ഞെടുക്കപ്പെട്ടു.സാബു ചെറിയാൻ വൈസ് പ്രസിഡന്‍റായും തെരഞ്ഞെടുക്കപ്പെട്ടു.
സെക്രട്ടറി സ്ഥാനത്തേക്ക് മത്സരിച്ച സാന്ദ്രാ തോമസ് പരാജയപ്പെട്ടു. എക്‌സിക്യൂട്ടീവ് സ്ഥാനത്തേക്കും സാന്ദ്ര പത്രിക സമര്‍പ്പിച്ചിരുന്നു. എന്നാല്‍ അത് പിൻവലിച്ചിരുന്നു.ചേംബര്‍ ജനറല്‍ സെക്രട്ടറി സ്ഥാനത്ത് നിന്ന് കഴിഞ്ഞ ദിവസം സജി നന്ത്യാട്ട് രാജിവെച്ചിരുന്നു. ഇതിന് പിന്നാലെയാണ് തെരഞ്ഞെടുപ്പ് നടന്നത്.
അതേ സമയം,പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍ തെരഞ്ഞെടുപ്പില്‍ പ്രസിഡന്‍റ്, ട്രഷറര്‍ സ്ഥാനങ്ങളിലേക്ക് മത്സരിക്കാന്‍ സാന്ദ്ര തോമസ് സമര്‍പ്പിച്ച പത്രിക വരണാധികാരി തള്ളിയിരുന്നു. ചുരുങ്ങിയത് മൂന്ന് സിനിമകൾ എങ്കിലും നിർമ്മിച്ചാല്‍ മാത്രമേ അസോസിയേഷനിലെ മുഖ്യ സ്ഥാനങ്ങളിലേക്ക് ഒരു അംഗത്തിന് മത്സരിക്കാനാവുവെന്ന നിയമാവലി ചൂണ്ടിക്കാട്ടിയാണ് വരണാധികാരി പത്രിക തള്ളിയത്.
സാന്ദ്ര തോമസിന്‍റെ ഉടമസ്ഥതയില്‍ നിലവിലുള്ള നിര്‍മ്മാണ കമ്പനിയായ സാന്ദ്ര തോമസ് പ്രൊഡക്ഷന്‍സ് രണ്ട് ചിത്രങ്ങള്‍ മാത്രമേ നിര്‍മ്മിച്ചിട്ടുള്ളൂ എന്നായിരുന്നു വരണാധികാരിയുടെ കണ്ടെത്തല്‍.