

താന്‍ കാരണം ശ്രീദേവി ഡാന്‍സ് പ്രാക്ടിസിനിടെ തെന്നി വീണുവെന്ന് നടന്‍ ഫര്‍ഹാന്‍ അക്തര്‍. യാഷ് ചോപ്രയുടെ ' ലംഹേ' എന്ന ചിത്രത്തിന്റെ സെറ്റില്‍ വെച്ചാണ് സംഭവം ഉണ്ടായതെന്നും അതോടെ തന്റെ കരിയര്‍ അവസാനിച്ചുവെന്ന് ഓര്‍ത്തെന്നും നടന്‍ പറഞ്ഞു. തനിക്ക് 17 വയസ്സുളളപ്പോള്‍ നടന്ന കാര്യമാണ് ആപ് കി അദാലത്ത് എന്ന ഷോയില്‍ നടന്‍ പറഞ്ഞത്. (Farhan Akhtar)
'യാഷ് ചോപ്രയുടെ സിനിമയുടെ സെറ്റിലാണ് സംഭവം, 'ലംഹേ' എന്ന ചിത്രത്തിന്റെ ഛായാഗ്രാഹകന്‍ മന്‍മോഹന്‍ സിങ്ങിന്റെ സഹായിയായി ഞാന്‍ ജോലി ചെയ്യുകയായിരുന്നു, മാന്‍ ജിയുടെ ഏഴാമത്തെയോ എട്ടാമത്തെയോ സഹായിയായിരുന്നു ഞാന്‍. സരോജ് ജി നൃത്തസംവിധാനം ചെയ്ത ഒരു വികാരഭരിതമായ നൃത്തരംഗമായിരുന്നു അത്. ശ്രീദേവി ഡാന്‍സ് റിഹേഴ്സല്‍ ചെയ്യുന്നതിനിടയില്‍ ഫ്‌ലോറിലെ തടിയില്‍ എന്തോ കറ പിടിച്ചിരിപ്പുണ്ട് അത് വൃത്തിയാക്കാന്‍ എന്നോട് പറഞ്ഞു. ഞാന്‍ ഓടി ചെന്ന് അത് തുടക്കാന്‍ പോയപ്പോള്‍ ശ്രീദേവി ആ സ്ഥലത്തേക്ക് ഡാന്‍സ് ചെയ്ത് വന്നു. ഉടനെ തന്നെ ആ കറയില്‍ കാലു തെന്നി വീണു. ശ്രീദേവി വായുവില്‍ പറന്ന് തറയില്‍ ഇടിച്ച വീഴുന്ന സ്ലോ മോഷന്‍ രംഗം ഇപ്പോഴും എന്റെ ഓര്‍മയിലുണ്ട്. സെറ്റ് മുഴുവന്‍ നിശ്ചലമായി, ഞാന്‍ കരുതി, ഇതാ, എന്റെ കരിയര്‍ ഇവിടെ അവസാനിച്ചു, ഫര്‍ഹാന്‍ പറഞ്ഞു.
സംഭവം നടന്നപ്പോള്‍ ഫര്‍ഹാന്‍ അക്തര്‍ പേടിച്ചു വിറച്ചിരിക്കുവായിരുന്നു. പക്ഷേ ശ്രീദേവി പുഞ്ചിരിച്ചുകൊണ്ട് പറഞ്ഞു 'കുഴപ്പമില്ല, അതൊക്കെ അങ്ങനെ ഉണ്ടാകും പേടിക്കണ്ട' എന്ന് കേട്ടതോടെ ഫര്‍ഹാന്റെ ശ്വാസം നേരെ വീണു. താന്‍ എപ്പോഴും ശ്രീദേവിയോട് നന്ദിയുള്ളവന്‍ ആയിരിക്കുമെന്നും തന്റെ കരിയറിന്റെ വിജയത്തില്‍ ശ്രീദേവിയോട് എന്നും കടപ്പെട്ടിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.