
കാന്താര ചാപ്റ്റർ 1 ന്റെ പ്രദർശനത്തിന് പിന്നാലെ തീയേറ്ററിലേക്ക് 'പഞ്ചുരുളി തെയ്യ'ത്തിന്റെ വേഷത്തിലെത്തിയ ആരാധകന്റെ വീഡിയോ. തെയ്യത്തിന്റെ വേഷത്തിലെത്തിയ ആരാധകൻ കാണികള്‍ക്കിടയിലേക്ക് ഓടിയെത്തുകയായിരുന്നു. പിന്നീട് ചിത്രത്തിലെ ‘വരാഹരൂപം’ പാട്ടിന്റെ പശ്ചാത്തലത്തില്‍ ചുവടുവെച്ചു. ഇയാളെ കണ്ട കാണികള്‍ എഴുന്നേറ്റ് നില്‍ക്കുകയും ചിലര്‍ വീഡിയോ ചിത്രീകരിക്കുകയും ചെയ്തു. തമിഴ്‌നാട് ദിണ്ടിക്കലിലാണ് സംഭവം.
വീഡിയോ വൈറലായതിനു പിന്നാലെ സംഭവത്തെ അനുകൂലിച്ചും പ്രതികൂലിച്ചും സാമൂഹിക മാധ്യമങ്ങളില്‍ ചര്‍ച്ച നടക്കുകയാണ്. ദൈവകോലത്തെ കോമാളിവേഷത്തില്‍ അവതരിപ്പിച്ചത് കൊണ്ട് അയാൾ ചെയ്തത് അംഗീകരിക്കാന്‍ കഴിയാത്തതാണെന്നാണ് ചിലർ അഭിപ്രായപ്പെടുന്നത്. ചിത്രം നല്‍കുന്ന ആത്മീയമായ അനുഭവത്തിന്റെ പ്രകടനമാണ് ആരാധകനില്‍ കണ്ടതെന്നാണ് മറ്റു ചിലരുടെ അഭിപ്രായം.
ഋഷഭ് ഷെട്ടി സംവിധാനം ചെയ്ത് നായകനായ ‘കാന്താര: എ ലെജന്‍ഡ് ചാപ്റ്റര്‍ വണ്‍’ ആദ്യ മൂന്നുദിവസം കൊണ്ടുമാത്രം 150 കോടി ഇന്ത്യന്‍ ബോക്‌സ് ഓഫീസ് കളക്ഷന്‍ നേടി. വലിയ സ്വീകരണമാണ് ചിത്രത്തിന് തീയേറ്ററുകളില്‍ ലഭിക്കുന്നത്. 2022 ൽ റിഷഭ് ഷെട്ടിയുടെ സംവിധാനത്തിൽ റിലീസ് ചെയ്ത് വൻ വിജയം നേടിയ കന്നഡ ചിത്രമാണ് കാന്താര. കന്നഡയിൽ ഇറങ്ങിയ ചിത്രം പിന്നീട് മികച്ച അഭിപ്രായം നേടിയതിനെ തുടർന്ന് വിവിധ ഭാഷകളിലേക്ക് മൊഴിമാറ്റി എത്തുകയായിരുന്നു. ചിത്രത്തിലെ അഭിനയത്തിന് മികച്ച നടനുള്ള ദേശീയ പുരസ്കാരവും റിഷഭിനെ തേടിയെത്തിയിരുന്നു.
കെജിഎഫ്, കാന്താര, സലാര്‍ തുടങ്ങിയ ബ്ലോക്ക്ബസ്റ്ററുകള്‍ നിര്‍മിച്ച ഇന്ത്യയിലെ മുന്‍നിര പാന്‍-ഇന്ത്യ പ്രൊഡക്ഷന്‍ ഹൗസായ ഹോംബാലെ ഫിലിംസാണ് കാന്താര ചാപ്റ്റര്‍ 1-ന്റെയും നിര്‍മാതാക്കള്‍. പൃഥ്വിരാജ് പ്രൊഡക്ഷൻസ് ആണ് സിനിമ കേരളത്തിൽ എത്തിക്കുന്നത്.