
‘ആവേശം’ എന്ന സിനിമയ്ക്ക് ശേഷം ജിത്തു മാധവൻ നടൻ സൂര്യയുമായി ഒന്നിക്കുന്ന ചിത്രത്തിന്റെ കൂടുതൽ അപ്ഡേറ്റുകൾ പുറത്ത്. സൂര്യ പൊലീസ് വേഷത്തിലെത്തുന്നുവെന്ന ചിത്രത്തിൽ ഫഹദ് ഫാസിൽ അതിഥി വേഷത്തിൽ എത്തുമെന്നാണ് പുതിയ റിപ്പോർട്ട്. സിനിമയുടെ പ്രീ പ്രൊഡക്ഷൻ ആരംഭിച്ചിട്ടുണ്ട്. അടുത്ത മാസം എറണാകുളത്ത് സിനിമയുടെ ഷൂട്ടിംഗ് ആരംഭിക്കുമെന്നാണ് വിവരം.
വമ്പൻ ബജറ്റിൽ ഒരുങ്ങുന്ന സിനിമയുടെ നിർമാണം സൂര്യ തന്നെയാണ്. നടന്റെ പുതിയ ബാനറായ ഴകരം ആണ് സിനിമ നിർമിക്കുന്നത്. സുഷിൻ ശ്യാം ആയിരിക്കും ചിത്രത്തിന്റെ സംഗീത സംവിധാനമെന്നും അഭ്യൂഹങ്ങൾ ഉണ്ട്. ജിത്തു മാധവന്റെ മുൻ ചിത്രമായ ആവേശത്തിൽ ഫഹദ് അവതരിപ്പിച്ച രംഗ എന്ന കഥാപാത്രമായിട്ടാണ് ഫഹദ് സൂര്യ ചിത്രത്തിൽ എത്തുന്നതെന്നും ആരാധകർ എക്സിൽ കുറിക്കുന്നുണ്ട്.
ഇപ്പോൾ തെലുഗ് സംവിധായകനായ വെങ്കി അറ്റ്ലൂരിയുടെ ചിത്രത്തിലാണ് സൂര്യ അഭിനയിക്കുന്നത്. ലക്കി ഭാസ്കറിന് ശേഷം വെങ്കി ഒരുക്കുന്ന ചിത്രമാണത്. നാടൻ ലുക്കിൽ നിന്നുമാറി പക്കാ സ്റ്റൈലിഷ് ആയിട്ടാണ് സൂര്യ ഈ സിനിമയിൽ എത്തുന്നതെന്ന് സൂചനയാണ് പോസ്റ്റർ നൽകുന്നത്. ചിത്രത്തിന്റെ പേര് ഇതുവരെ പുറത്തുവിട്ടിട്ടില്ല. മമിത ബൈജു ആണ് സിനിമയിൽ സൂര്യയുടെ നായികയായി എത്തുന്നത്.