
ഫഹദ് ഫാസിലും കല്യാണി പ്രിയദർശനും കേന്ദ്ര കഥാപാത്രങ്ങളായെത്തിയ ചിത്രമാണ് ‘ഓടും കുതിര ചാടും കുതിര’. ആഗസ്റ്റ് 29ന് തീയേറ്ററുകളിൽ എത്തിയ ചിത്രം സംവിധാനം ചെയ്തത് അൽത്താഫ് സലിം ആണ്. ഓണം റിലീസായി എത്തിയ ചിത്രത്തിന് പ്രേക്ഷകരിൽ നിന്ന് സമ്മിശ്ര പ്രതികരണമാണ് ലഭിക്കുന്നത്. ഇപ്പോഴിതാ ചിത്രത്തിന്റെ ഒടിടി സ്ട്രീമിങ് അവകാശം വിറ്റുപോയെന്ന വാർത്തയാണ് പുറത്ത് വരുന്നത്.
ഒടിടി പ്ലാറ്റ്ഫോമായ നെറ്റ്ഫ്ലിക്ക്‌സാണ് ‘ഓടും കുതിര ചാടും കുതിര’ സിനിമയുടെ സ്ട്രീമിങ് അവകാശം സ്വന്തമാക്കിയിരിക്കുന്നത്. തീയേറ്റർ പ്രദർശനം പൂർത്തിയായാൽ ഉടൻ ചിത്രം ഒടിടിയിൽ നെറ്റ്ഫ്ലിക്ക്‌സിൽ സ്ട്രീമിങ് ആരംഭിക്കും.
ഫഹദ് ഫാസിൽ, കല്യാണി പ്രിയദർശൻ എന്നിവർക്ക് പുറമെ ലാൽ, വിനയ് ഫോർട്ട്, സുരേഷ് കൃഷ്ണ, രേവതി പിള്ള, ജോണി ആന്റണി, ലക്ഷ്മി ഗോപാലസ്വാമി, അനുരാജ്, വിനീത് വാസുദേവൻ തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തിയിട്ടുണ്ട്. ആഷിഖ് ഉസ്മാൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ആഷിഖ് ഉസ്മാൻ ആണ് ‘ഓടും കുതിര ചാടും കുതിര’ നിർമിച്ചത്.
കല്യാണ ദിവസം കുതിരപ്പുറത്തു നിന്ന് വീണ് കോമയിലായിപ്പോകുന്ന നായകനും പിന്നീട് അയാളുടെ ജീവിതത്തിൽ സംഭവിക്കുന്ന കാര്യങ്ങളുമാണ് ചിത്രം പറയുന്നത്. ജിന്റോ ജോർജാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത്. നിധിൻ രാജ് അരോളാണ് എഡിറ്റിംഗ് കൈകാര്യം ചെയ്തത്. ജസ്റ്റിൻ വർഗീസാണ് സംഗീത സംവിധാനം. പ്രൊഡക്ഷൻ കൺട്രോളർ സുധർമ്മൻ വള്ളിക്കുന്ന്, പ്രൊഡക്ഷൻ ഡിസൈനർ അശ്വനി കലേ, മേക്കപ്പ് റോണക്സ് സേവ്യർ, വസ്ത്രാലങ്കാരം മഷർ ഹംസ, സൗണ്ട് നിക്സൺ ജോർജ്ജ്, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ അനീവ് സുകുമാർ എന്നിവരാണ് മറ്റ് അണിയറപ്രവർത്തകർ.