
'തൊണ്ടിമുതലും ദൃക്സാക്ഷിയും' എന്ന ചിത്രത്തിൽ ഫഹദ് അവതരിപ്പിച്ച കള്ളന്റെ കഥാപാത്രം ഒരിക്കലും മലയാളികൾ മറക്കില്ല. ഏത് വേഷവും തനിക്ക് ഇണങ്ങുമെന്ന് തെളിയിച്ച നടനാണ് ഫഹദ്. എട്ട് വർഷങ്ങൾക്കിപ്പുറം വീണ്ടും ഒരു കള്ളൻറെ വേഷത്തിൽ എത്തുകയാണ്. ഇത്തവണ തമിഴ് ചിത്രം 'മാരീസൻ' ആണ് ഫഹദ് വീണ്ടും കള്ളനായി എത്തുന്നത്. വടിവേലുവാണ് മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ചിത്രത്തിൻറെ ട്രെയ്‍ലര്‍ അണിയറ പ്രവർത്തകർ പുറത്തുവിട്ടു.
രണ്ട് മിനിറ്റിലേറെ ദൈർഘ്യമുള്ള ട്രെയ്‍ലർ നൽകുന്ന സൂചന പ്രകാരം മറവിരോഗമുള്ള ആളാണ് വടിവേലുവിൻറെ കഥാപാത്രം. ഇയാളിൽ നിന്ന് വലിയ ഒരു തുക മോഷ്ടിക്കാനുള്ള ശ്രമത്തിലാണ് ഫഹദിൻറെ കഥാപാത്രം. നേരത്തെ പുറത്തിറങ്ങിയ ചിത്രത്തിൻറെ ടീസർ വലിയ പ്രേക്ഷകശ്രദ്ധ നേടിയിരുന്നു. ജൂലൈ 25 നാണ് ചിത്രത്തിൻറെ റിലീസ്.
ഒരു റോഡ് ത്രില്ലർ ആയ ചിത്രം സംവിധാനം ചെയ്യുന്നത് സുധീഷ് ശങ്കർ ആണ്. സൂപ്പർ ഗുഡ് ഫിലിംസിൻ്റെ ബാനറിൽ ആർ ബി ചൗധരി നിർമ്മിച്ച ഈ ചിത്രം നിർമ്മാണ കമ്പനിയുടെ 98-ാമത് സംരംഭമാണ്. 2023 ൽ പുറത്തെത്തിയ വലിയ പ്രേക്ഷകശ്രദ്ധ നേടിയ മാമന്നന് ശേഷം ഫഹദ് ഫാസിലും വടിവേലുവും ഒന്നിക്കുന്ന ചിത്രമാണ് മാരീസൻ.
ചിത്രത്തിന്റെ ദൃശ്യങ്ങൾ കലൈശെൽവൻ ശിവാജി പകർത്തിയിരിക്കുന്നു, സംഗീതസംവിധാനം യുവൻ ശങ്കർ രാജയാണ്. എഡിറ്റിംഗ് ശ്രീജിത്ത് സാരംഗ്, കലാസംവിധാനം മഹേന്ദ്രൻ. എ പി ഇന്റർനാഷണൽ ആണ് ചിത്രത്തിന്റെറിലീസിംഗ് അവകാശങ്ങൾ സ്വന്തമാക്കിയിരിക്കുന്നത്. ചിത്രത്തിന്റെ ക്രിയേറ്റീവ് ഡയറക്ടർ കൂടിയായ വി കൃഷ്ണമൂർത്തിയാണ് കഥ, തിരക്കഥ, സംഭാഷണം രചിച്ചിരിക്കുന്നത്. കോവൈ സരള, വിവേക് പ്രസന്ന, സിതാര, പി എൽ തേനപ്പൻ, ലിവിംഗ്സ്റ്റൺ, രേണുക, ശരവണ സുബ്ബയ്യ, കൃഷ്ണ, ഹരിത, ടെലിഫോൺ രാജ് എന്നിവരുൾപ്പെടെ ശ്രദ്ധേയമായ ഒരു കൂട്ടം അഭിനേതാക്കളാണ് ഈ ചിത്രത്തിലുള്ളത്.