ഒരിടവേളക്ക് ശേഷം ഭാര്യ പ്രഭയോടൊപ്പമുള ചിത്രം പങ്കുവച്ച് മലയാളത്തിലെ ഗാനഗന്ധർവൻ യേശുദാസ്. ആരോഗ്യനില മോശമായതിനെ തുടർന്ന് യേശുദാസ് ചികിത്സയിലാണെന്നുള്ള അഭ്യൂഹങ്ങൾ പ്രചരിക്കവെയാണ് ഗായകൻ പുതിയ ചിത്രം സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചത്. ചിത്രത്തിനു വലിയ ജനശ്രദ്ധ ലഭിക്കുന്നുണ്ട്.
കഴിഞ്ഞ കുറേ വർഷങ്ങളായി യേശുദാസും കുടുംബവും അമേരിക്കയിലെ ഡാലസിലാണു താമസം. കോവിഡ് കാലത്തിനുശേഷം അദ്ദേഹം ഇന്ത്യയിലേക്കു വന്നിട്ടില്ല. 85ാം വയസ്സിലും വീട്ടിൽ സംഗീത പരിശീലനം മുടങ്ങാതെ തുടരുന്നുണ്ട്. ഇടയ്ക്ക് അമേരിക്കയിലെ വേദികളിൽ കച്ചേരികളും അവതരിപ്പിക്കുന്നുണ്ട്. പച്ചക്കറി വാങ്ങാനും ഷോപ്പിങ്ങിനും സ്വയം കാറോടിച്ചുപോകുന്ന യേശുദാസിന്റെ വിശേഷങ്ങൾ മുൻപൊരിക്കൽ സമൂഹമാധ്യങ്ങളിൽ നിറഞ്ഞിരുന്നു.
മലയാളികളുടെ സ്വകാര്യ അഹങ്കാരമാണ് ഗാനഗന്ധര്‍വന്‍ യേശുദാസ്. അദ്ദേഹത്തിന്റെ ഏറ്റവും വലിയ ആരാധികയാണ് ഭാര്യ പ്രഭയെന്ന് അടുപ്പമുള്ളവരും ദാസും പറയാറുണ്ട്. പാട്ടുകളിലൂടെയാണ് ഇരുവരും അടുക്കുന്നത്. പാട്ടിനോടുള്ള ഇഷ്ടമാണ് അദ്ദേഹത്തോടുള്ള ആരാധനയിലേക്ക് എത്തിച്ചതെന്ന് പ്രഭയും മുൻപൊരിക്കൽ പറഞ്ഞിട്ടുണ്ട്. പ്രഭയോടുള്ള പ്രണയത്തെക്കുറിച്ച് പറയുന്ന യേശുദാസിന്റെ വാക്കുകൾ പലവട്ടം വൈറലായിട്ടുണ്ട്. ഇപ്പോൾ ഏറ്റവും ഒടുവിൽ ഏറെ നാളുകൾക്ക് ശേഷം ഭാര്യക്ക് ഒപ്പമുള്ള ഒരു ചിത്രം പങ്കുവെച്ചിരിക്കുകയാണ് യേശുദാസ്.