മോഹൻലാൽ–പൃഥ്വിരാജ് ചിത്രം എമ്പുരാന്റെ ബജറ്റ് പുറത്ത്. മലയാളത്തിലെ ഏറ്റവും മുതൽ മുടക്കേറിയ സിനിമയെന്ന ഖ്യാതിയുമായാണ് എമ്പുരാൻ റിലീസിനെത്തിയത്. സിനിമയുടെ ബജറ്റിന്റെ പേരിൽ നിർമാതാക്കളുടെ സംഘടനയും ആന്റണി പെരുമ്പാവൂരും തമ്മിലുണ്ടായ വാക്പോരും ഏറെ ശ്രദ്ധ നേടിയിരുന്നു. വിവാദങ്ങൾക്കൊടുവിൽ എമ്പുരാന്റെ ബജറ്റ് വിവരം നിർമാതാക്കളുടെ സംഘടന തന്നെ പുറത്തുവിട്ടിരിക്കുകയാണ്. നിർമാതാക്കൾ പുറത്തുവിട്ട സിനിമകളുടെ പ്രതിമാസകണക്കുവിവരത്തിലാണ് എമ്പുരാന്റെ ബജറ്റും ഉള്ളത്. 175 കോടി രൂപയാണ് എമ്പുരാന്റെ മുടക്കു മുതൽ ആയി സംഘടന കാണിച്ചിട്ടുള്ളത്.
അതേസമയം, ജനുവരിക്കും ഫെബ്രുവരിക്കും പിന്നാലെ മാർച്ചിലും ലാഭവിഹിതത്തിൽ കൂപ്പുകുത്തി മലയാള സിനിമ. മാർച്ചിൽ തിയറ്ററിൽ റിലീസ് ചെയ്ത 15 സിനിമകളിൽ 14 ഉം പരാജയമാണെണെന്നാണ് നിർമാതാക്കളുടെ സംഘടന പുറത്തുവിട്ട കണക്കുകൾ. നഷ്ടമില്ലാതെ രക്ഷപെട്ടത് മോഹൻലാൽ-പൃഥ്വിരാജ് ചിത്രമായ 'എമ്പുരാൻ' മാത്രമാണ്. ആദ്യ അഞ്ചുദിവസം സംസ്ഥാനത്തെ തിയറ്ററുകളിൽ നിന്ന് മാത്രം ചിത്രം നേടിയത് 24 കോടിയിലധികം രൂപയാണ്. റിലീസ് ചെയ്ത പതിനഞ്ചു ചിത്രങ്ങളിൽ പതിനാലും പരാജയപ്പെട്ടു.
മാർച്ചിൽ തീയറ്ററുകളിലെത്തിയ 15 സിനിമകളുടെ ബജറ്റും കലക്ഷൻ തുകയും അടങ്ങിയ വിവരങ്ങളാണ് പ്രെഡ്യൂസേഴ്സ് അസോസിയേഷൻ പുറത്തു വിട്ടത്. 16 സിനിമകളുടെ ആകെ മുടക്ക് 194 കോടിയിലധികമാണ്. ഇതിൽ തിയറ്റർ ഷെയർ ആയി തിരികെ ലഭിച്ചത് 25 കോടി 88 ലക്ഷത്തിൽപ്പരം രൂപ മാത്രമാണ്. ചെറിയ മുതൽ മുടക്കിൽ നിർമിക്കുന്ന ചിത്രങ്ങൾ പോലും തിയറ്ററുകളിൽ രക്ഷപ്പെടുന്നില്ല. ഔസേപ്പിന്റെ ഒസ്യത്ത് എന്ന ചിത്രം നാലുകോടി പത്തുലക്ഷത്തിൽ കുറവ് മുതൽ മുടക്കിൽ എടുത്ത ചിത്രമാണ്. എന്നാൽ, സിനിമ തിയറ്ററിൽ നേടിയത് 45 ലക്ഷം മാത്രമാണ്.
രണ്ടുകോടി അറുപതു ലക്ഷം മുതൽ മുടക്കിൽ എടുത്ത പരിവാർ 26 ലക്ഷം രൂപ മാത്രമാണ് തിയറ്റർ കലക്ഷൻ ആയി നേടിയത്. 3,65,6000 രൂപ മുടക്കിയ വടക്കനും നേടിയത് 20 ലക്ഷം മാത്രം. 70 ലക്ഷം രൂപ മുടക്കുമുതലിൽ എടുത്ത ദാസേട്ടന്റെ സൈക്കിൾ എന്ന ചിത്രം 8 ലക്ഷം മാത്രമാണ് തിയറ്ററിൽ നിന്ന് നേടിയത്. പതിനഞ്ചു സിനിമ തിയറ്ററിൽ എത്തിയ മാർച്ചിൽ പതിനാലും വൻ പരാജയമായിരുന്നു. ഒടിടി സാറ്റലൈറ്റ് കണക്കുകളാണ് ഇനി ലഭിക്കാനുള്ളത്.
175 കോടി രൂപയാണ് എമ്പുരാന്റെ മുതൽ മുടക്ക്. ആദ്യത്തെ അഞ്ചു ദിവസം കൊണ്ട് 24 കോടി 65 ലക്ഷം രൂപ സംസ്ഥാനത്തെ തിയറ്ററുകളിൽ നിന്ന് മാത്രം ചിത്രം നേടിയിട്ടുണ്ട്. ഒടിടി സാറ്റലൈറ്റ് ഷെയറുകളുടെ വിവരങ്ങൾ വരാനിരിക്കുന്നതേയുള്ളൂ.
സിനിമാ വ്യവസായത്തിലെ പ്രതിസന്ധി തുടരുകയാണെന്ന നിർമാതാക്കളുടെ വാദം ശരിവെക്കുന്നതാണ് ഇപ്പോൾ പുറത്തുവിട്ടിരിക്കുന്ന കണക്കുകൾ. പ്രസിദ്ധീകരിച്ചിരിക്കുന്ന കണക്കുകൾ നിർമാതാക്കൾക്ക് കേരളത്തിലെ തിയറ്ററുകളിൽ നിന്ന് ലഭിക്കുന്ന ഷെയറുകൾ മാത്രമാണെന്നും ഈ കണക്കുകൾ ലഭിച്ചത് വിതരണക്കാരിൽ നിന്നും തിയറ്ററുകളിൽ നിന്നുമാണെന്നും നിർമ്മാതാക്കളുടെ സംഘടന പുറത്തിറക്കിയ റിപ്പോർട്ടിൽ പറയുന്നു. മറ്റ് വരുമാന സ്രോതസ്സുകളായ ഒ.ടി.ടി, സാറ്റലൈറ്റ്, കേരളത്തിന് പുറത്തുള്ള സംസ്ഥാനങ്ങൾ, ഇന്ത്യക്ക് വെളിയിൽ നിന്നുള്ള കലക്ഷൻ, മറ്റ് ഓഡിയോ വിഡിയോ റൈറ്റ്സുകളിൽ നിന്നും ലഭിക്കുന്ന വരുമാനം ഇവയെല്ലാം അതാത് ചിത്രങ്ങളുടെ നിർമ്മാതാവിന് മാത്രമേ അറിവുള്ളൂവെന്നും റിപ്പോർട്ടിൽ പറയുന്നു.