കൊച്ചി : എമ്പുരാൻ സിനിമയുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ പ്രതികരിക്കാതെ തിരക്കഥാകൃത്ത് മുരളി ഗോപി. പൃഥ്വിരാജും ആന്റണി പെരുമ്പാവൂരും ഷെയർ ചെയ്ത മോഹൻലാലിന്റെ മാപ്പ് പറഞ്ഞുള്ള പോസ്റ്റ് മുരളി ഗോപി ഷെയർ ചെയ്യാൻ തയ്യാറായില്ല. വിഷയത്തിൽ അമ്മയും ഫെഫ്കയും അടക്കമുള്ള സിനിമാസംഘടനകളും മൗനം ആചരിക്കുകയാണ്. അതേസമയം, സംഘപരിവാർ ഭീഷണിയെ തുടർന്ന് റീ-എഡിറ്റ് ചെയ്ത 'എമ്പുരാൻ' ഇന്നു വൈകിട്ട് മുതൽ തീയറ്ററുകളിൽ പ്രദർശനത്തിനെത്തും.
എമ്പുരാൻ സിനിമ, പ്രിയപ്പെട്ടവർക്ക് വിഷമം ഉണ്ടാക്കിയതിൽ ഖേദം പ്രകടിപ്പിക്കുന്നുവെന്ന് കഴിഞ്ഞ ദിവസം മോഹൻലാൽ ഫേസ്ബുക്കിൽ കുറിച്ചിരുന്നു. ഈ പോസ്റ്റ് സംവിധായകൻ പൃഥ്വിരാജും നിർമാതാവ് ആന്റണി പെരുമ്പാവൂരും ഷെയർ ചെയ്തിരുന്നു. എന്നാൽ, വിവാദങ്ങളിൽ എഴുത്തുകാരൻ മുരളീ ഗോപി ഇതുവരെ പ്രതികരിച്ചിട്ടില്ല. മോഹൻലാലിൻറെ പോസ്റ്റും പങ്കുവച്ചിട്ടില്ല.
ഗുജറാത്ത് വംശഹത്യയിൽ ഗർഭിണിയെ ബലാത്സംഗം ചെയ്യുന്നതിന്റെയും സ്ത്രീകൾക്കെതിരായ അതിക്രമത്തിന്‍റെയും ദൃശ്യം അടക്കം ഒഴിവാക്കിയിട്ടുണ്ട്. 2 മണിക്കൂർ 59 മിനുട്ട് ഉണ്ടായിരുന്ന എമ്പുരാൻ സിനിമയിൽ നിന്നും 3 മിനുട്ട് വെട്ടിമാറ്റി. കൂടാതെ ബാബു ബജ്റംങ്കി എന്ന വില്ലൻ്റെ പേര് മാറ്റി ബൽ രാജ് എന്ന് ആക്കിയിട്ടുണ്ടെന്നും അറിയാൻ കഴിഞ്ഞു. അവധി ദിവസമായിട്ടും ഇന്നലെ തന്നെ റീ എഡിറ്റിങ്ങിന് സെൻസർ ബോർഡ് അനുമതി നൽകിയിരുന്നു. സിനിമ ഉടൻ റീ-എഡിറ്റ് ചെയ്യാൻ നിർദേശം നൽകിയത് കേന്ദ്ര സെൻസർ ബോർഡ് ആണെന്നാണ് വിവരം.