

ഇന്ത്യന്‍ സൂപ്പർ താരം അമിതാഭ് ബച്ചന്‍ തന്റെ വസതിയിലെ ജീവനക്കാര്‍ക്ക് നല്‍കിയ ദീപാവലി ബോണസ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നു. ഇതുമായി ബന്ധപ്പെട്ട വീഡിയോ വിവിധ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളില്‍ പ്രചരിക്കുന്നുണ്ട്. ദീപാവലി ദിനത്തില്‍ തന്റെ വസതിയിലെ ജീവനക്കാര്‍ക്ക് ബച്ചൻ നല്‍കിയ ബോണസും സമ്മാനവുമാണ് ചര്‍ച്ചാവിഷയം.
താരത്തിന്റെ വസതിയിലെ സെക്യൂരിറ്റി ജീവനക്കാര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് വെറും 10,000 രൂപയും ഒരു പെട്ടി മധുരപലഹാരങ്ങളും നല്‍കിയതാണ് വലിയ വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കിയത്.
സംഭവത്തിന്റെ വീഡിയോ വൈറലാണ്. ബച്ചന്റെ ജൂഹുവിലെ വസതിയിലെ ജീവനക്കാരന്റെ വെളിപ്പെടുത്തല്‍ വീഡിയോ ചിത്രീകരിച്ച ഡിജിറ്റല്‍ ക്രിയേറ്റര്‍, പിന്നീട് ഇന്‍സ്റ്റഗ്രാമില്‍ പങ്കുവയ്ക്കുകയായിരുന്നു.
'ദീപാവലി ദിനത്തില്‍ ബച്ചന്‍ എന്തെല്ലാം തന്നു?' എന്ന ചോദ്യത്തിനാണ് ജീവനക്കാരന്‍ 10,000 രൂപയും ഒരു പെട്ടി മധുരപലഹാരവും മാത്രമാണ് നല്‍കിയതെന്ന് തുറന്നുപറഞ്ഞത്. ബച്ചന്റെ തരംതാണ പെരുമാറ്റത്തില്‍ ആരാധകരും അദ്ദേഹത്തെ സ്‌നേഹിക്കുന്നവരും വലിയ അമര്‍ഷമാണ് പ്രകടിപ്പിച്ചത്.
തന്റെ വീട്ടിലെ സാധരണക്കാരായ ജോലിക്കാരെ പരിഗണിക്കാത്ത ഒരാൾക്ക് എങ്ങനെ സൂപ്പര്‍ താരപദവി അലങ്കരിക്കാന്‍ കഴിയുമെന്നാണ് ആരാധകര്‍ ചോദിക്കുന്നത്. അവര്‍ ഇരുപത്തിനാലു മണിക്കൂറും ജോലി ചെയ്യുന്നവരാണ്. എന്നാല്‍, അവര്‍ക്ക് അര്‍ഹതപ്പെട്ട ആനുകൂല്യം നല്‍കുന്നില്ലെന്നും ചിലര്‍ തുറന്നടിച്ചു. അതേസമയം, സംഭവത്തിന്റെ സത്യാവസ്ഥ എന്താണെന്ന് ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. വീഡിയോ ലക്ഷക്കണക്കിന് ആളുകളാണ് കണ്ടത്.