

ക്യൂബ്സ്എൻ്റർടെയ്ൻമെന്‍റ്സിന്‍റെ ബാനറിൽ, ആൻ്റണി വർഗീസ് പെപ്പെയെ നായകനാക്കി ഷരീഫ് മുഹമ്മദ് നിർമ്മിക്കുന്ന ‘കാട്ടാളൻ’ സിനിമയിലൂടെ മലയാളത്തിൽ അരങ്ങേറാനൊരുങ്ങി തമിഴ് താരം ദുഷാര വിജയൻ. തമിഴ് സിനിമാ ലോകത്ത് ശ്രദ്ധേയമായ കഥാപാത്രങ്ങളിലൂടെ തന്‍റേതായ ഇടം നേടിയെടുത്ത് പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ താരം ബോൾഡായതും സ്വാഭാവികവുമായ പ്രകടനങ്ങളാണ് സമീപകാല സിനിമകളിൽ കാഴ്ചവെച്ചിട്ടുള്ളത്. ഇപ്പോഴിതാ ദുഷാര വിജയനെ ‘കാട്ടാളൻ’ സിനിമയുടെ ലോകത്തേക്ക് സ്വാഗതം ചെയ്യുന്നതായി സോഷ്യൽ മീഡിയയിലൂടെ അറിയിച്ചിരിക്കുകയാണ് ക്യൂബ്സ് എന്‍റർടെയ്ൻമെന്‍റ്.
‘സാർപട്ട പരമ്പരൈ’ എന്ന ചിത്രത്തിലെ പ്രകടനത്തിലൂടെയാണ് ദുഷാര വിജയൻ സിനിമാലോകത്ത് പ്രശസ്തയായത്. ഈ ചിത്രത്തിലെ നടിയുടെ സ്വാഭാവികമായതും ശക്തവുമായ അഭിനയം നിരൂപക പ്രശംസ നേടിയിരുന്നു. കൂടാതെ ‘വീര ധീര സൂരൻ’, ‘വെട്ടൈയൻ’ , ‘രായൻ’ തുടങ്ങിയ വമ്പൻ ചിത്രങ്ങളിലും ദുഷാര സുപ്രധാന വേഷങ്ങൾ കൈകാര്യം ചെയ്തിട്ടുണ്ട്.
നവാഗതനായ പോൾ ജോർജ്ജ് സംവിധാനം നിർവ്വഹിക്കുന്ന ചിത്രം പ്രേക്ഷകരെ ഞെട്ടിപ്പിക്കുമെന്ന് അടിവരയിടുന്നതായിരുന്നു അടുത്തിടെ പുറത്തിറങ്ങിയ കാട്ടാളൻ ഫസ്റ്റ് ലുക്ക്. വമ്പൻ സാങ്കേതിക മികവോടെയും വൻ ബഡ്ജറ്റോടെയും എത്തുന്ന ചിത്രം മലയാളത്തിലെ തന്നെ മികച്ചൊരു ദൃശ്യ വിസ്മയം തന്നെ ആകുമെന്നാണ് ഏവരും പ്രതീക്ഷിക്കുന്നത്. മെയ് മാസം ചിത്രം തിയേറ്ററുകളിലെത്തുമെന്നാണ് സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകൾ.