

ദുൽഖർ സൽമാന്റെ പുതിയ തമിഴ് ചിത്രം ‘കാന്ത’ റിലീസിനൊരുങ്ങുന്നു. ആരാധകരുടെ കാത്തിരിപ്പിന് വിരാമമായി പുറത്ത് വിട്ട ചിത്രത്തിലെ റൊമാന്റിക് ഗാനം ശ്രദ്ധേയമാകുന്നു. ദുൽഖറും ഭാഗ്യശ്രീ ബോർസെയും വിന്റേജ് പ്രണയജോഡികളായി പാടിയഭിനയിക്കുന്ന, ‘പനിമലരേ’ എന്നു തുടങ്ങുന്ന മെലഡി ലവ് ട്രാക്ക് സംഗീതാരാധകർ ഏറ്റെടുത്തു കഴിഞ്ഞു. ജാനു ചന്ദറിന്റേതാണ് സംഗീതം.
തമിഴ് സിനിമയിലെ ആദ്യസൂപ്പർസ്റ്റാർ എന്നു വിശേഷിപ്പിക്കപ്പെടുന്ന എം.കെ.ത്യാഗരാജ ഭാഗവതരുടെ ജീവിതകഥയിൽനിന്ന് പ്രചോദനമുൾക്കൊണ്ടാണ് ‘കാന്ത’ എന്ന ചിത്രം ഒരുങ്ങുന്നത്. സിനിമയ്ക്കുള്ളിലെ സിനിമാക്കഥ പറയുന്ന ഈ ചിത്രം ആദ്യകാല തമിഴ് ചലച്ചിത്ര ലോകത്തേക്കുള്ള ഗൃഹാതുരമായ ഒരു തിരിച്ചുപോക്കു കൂടിയായിരിക്കും. ചിത്രത്തിന്റെ തിരക്കഥയും സംവിധാനവും നിർവഹിച്ചിരിക്കുന്നത് സെൽവമണി സെൽവരാജാണ്. ദുൽഖറിനൊപ്പം സമുദ്രക്കനി, റാണ ദഗ്ഗുബതി തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.