സിനിമ സെറ്റുകളിൽ നിരോധിക്കപ്പെട്ട ലഹരിവസ്തുക്കൾ ഉപയോഗിക്കുന്നത് തടയാനുള്ള നീക്കവുമായി നിർമാതാക്കളുടെ സംഘടന രംഗത്ത്. സിനിമയുമായി ബന്ധപ്പെട്ട സ്ഥലങ്ങളിൽ നിരോധിത ലഹരിവസ്തുക്കൾ ഉപയോഗിക്കില്ല എന്ന് ഓരോരുത്തരും സത്യവാങ്മൂലം നൽകണമെന്നാണ് നിർമാതാക്കളുടെ സംഘടനയുടെ നിർദ്ദേശം. സിനിമയ്ക്കായുള്ള കരാറിനൊപ്പം സത്യവാങ്മൂലവും നൽകണം.
സിനിമയുമായി ബന്ധപ്പെട്ട് ജോലി ചെയ്യുന്ന എല്ലാ വിഭാഗക്കാർക്കും ഈ നിബന്ധന ബാധകമാകും. ലോക ലഹരിവിരുദ്ധ ദിനമായ ജൂൺ 26 മുതൽ നിബന്ധന നടപ്പിൽ വരുത്താനാണ് സംഘടന തീരുമാനിച്ചിരിക്കുന്നത്. ഇക്കാര്യം മറ്റ് സംഘടനകളെ അറിയിച്ചിട്ടുണ്ടെന്നാണ് വിവരം. നിലവിൽ അഭിനേതാക്കളിൽ നിന്ന് മാത്രമാണ് സത്യവാങ്മൂലം വാങ്ങാൻ തീരുമാനിച്ചിരിക്കുന്നത്. അടുത്ത ഘട്ടത്തിൽ സാങ്കേതിക പ്രവർത്തകരിൽ നിന്നും സത്യവാങ്മൂലം വാങ്ങുമെന്നും പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ ഭാരവാഹിയായ സിയാദ് കോക്കർ പറഞ്ഞു.
"സിനിമാ സെറ്റുകളിലെ ലഹരി ഉപയോഗം തടയുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം. അഭിനേതാക്കൾ ലഹരി ഉപയോഗിക്കുന്നതു മൂലം പ്രൊഡക്ഷനുണ്ടാകുന്ന നഷ്ടം അവർ തന്നെ നികത്തണം. അച്ചടക്കലംഘനവും സെറ്റിൽ സമയത്ത് എത്താത്തതുമെല്ലാം പ്രശ്നമാണ്. ലഹരി ഉപയോഗിച്ച് ഒരാൾ പിടിയിലായാലും നിർമാതാവിന് നഷ്ടമുണ്ടാകും." -സിയാദ് കോക്കർ കൂട്ടിച്ചേർത്തു.