"ദൃശ്യം 3 ആദ്യം ഇറങ്ങുക മലയാളത്തിൽ, രണ്ട് മാസത്തിനുശേഷം ഹിന്ദിയിൽ"; ജീത്തു ജോസഫ് | Drishyam 3

മലയാളത്തിൽ ചിത്രം അവസാന ഘട്ടത്തിലാണെന്നും അടുത്ത വർഷം പകുതിയോടെ റിലീസിന് ഒരുങ്ങുകയാണെന്നും ജീത്തു ജോസഫ് പറഞ്ഞു.
Jeethu Joseph
Updated on

മലയാള സിനിമയിലെ ഏറ്റവും മികച്ച ത്രില്ലര്‍ ചിത്രമാണ് ദൃശ്യം. ദൃശ്യം, ദൃശ്യം 2 എന്നിങ്ങനെ രണ്ടുഭാഗങ്ങളാണ് നിലവിൽ റിലീസ് ചെയ്തിട്ടുള്ളത്. മോഹന്‍ലാലിനെ നായകനാക്കി ജീത്തു ജോസഫ് സംവിധാനം ചെയ്ത ദൃശ്യം തിയറ്ററുകളില്‍ വലിയ സ്വീകാര്യത നേടിയപ്പോള്‍ കോവിഡ് കാലത്ത് ഒ.ടി.ടി റിലീസായാണ് ദൃശ്യം 2 എത്തിയത്. അതിനും മികച്ച പ്രതികരണമാണ് ലഭിച്ചത്. ദൃശ്യം മൂന്നാം ഭാഗത്തിന്റെ ചിത്രീകരണം ഇപ്പോൾ പൂർത്തിയായിട്ടുണ്ട്.

ദൃശ്യത്തിന്റെ ആദ്യഭാഗം 2013ലാണ് പുറത്തിറങ്ങിയത്. പിന്നാലെ മറ്റ് ഭാഷകളിൽ റീമേക്ക് ചെയ്യപ്പെട്ടു. ഹിന്ദി പതിപ്പിൽ അജയ് ദേവ്ഗൺ ആണ് പ്രധാനവേഷത്തിൽ അഭിനയിച്ചത്. മലയാളത്തിലും ഹിന്ദിയിലും ഒരേപോലെ ഹിറ്റായ ചിത്രത്തിന്‍റെ മൂന്നാഭാഗത്തിന്‍റെ ചിത്രീകരണം ഇരു ഭാഷയിലും ഒന്നിച്ചായിരുന്നു തുടങ്ങിയിരുന്നത്. അടുത്ത ഭാഗത്തിൽ എന്തായിരിക്കും കഥ എന്നതിന്‍റെ ആകാംക്ഷയിലാണ് ഇരു ഭാഷയിലേയും ആരാധകർ. എന്നാൽ ഏതു ഭാഷയിലാകും ചിത്രം ആദ്യം റിലീസ് ചെയ്യുക എന്ന ആശങ്കയും പ്രേക്ഷകർക്കിടയിൽ ഉണ്ടായി.

ഇതിനെക്കുറിച്ച് അന്തിമ തീരുമാനം ജീത്തു ജോസഫ് പുറത്തുവിട്ടു. ജിയോ ഹോട്ട്സ്റ്റാർ സൗത്ത് അൺബൗണ്ട് പരിപാടിയിൽ സംസാരിക്കവേ, 'മലയാളം പതിപ്പിന് മുമ്പ് ഹിന്ദിയിൽ ചിത്രം പുറത്തിറങ്ങുമോ?' എന്ന് ജീത്തുവിനോട് ചോദിച്ചു. മലയാളത്തിൽ ചിത്രം അവസാന ഘട്ടത്തിലാണെന്നും അടുത്ത വർഷം പകുതിയോടെതന്നെ റിലീസിന് ഒരുങ്ങുകയാണെന്നും അദ്ദേഹം മറുപടി നൽകി.

"ഇപ്പോൾ പോസ്റ്റ്-പ്രൊഡക്ഷൻ പുരോഗമിക്കുകയാണ്. അടുത്ത മൂന്നോ നാലോ മാസത്തിനുള്ളിൽ ഞങ്ങൾ ചിത്രം റിലീസ് ചെയ്യും. ഹിന്ദി പതിപ്പിന് മുമ്പ് ഞങ്ങൾ റിലീസ് ചെയ്യും. മലയാളത്തിൽ ദൃശ്യം 3 ഇറങ്ങി രണ്ട് മാസത്തിന് ശേഷം മാത്രമേ ഹിന്ദിയിൽ അവർക്ക് സിനിമ റിലീസ് ചെയ്യാൻ കഴിയൂ." -ജീത്തു ജോസഫ് പറഞ്ഞു.

ഇതിനിടെ, ദൃശ്യം 3 യുടെ ലോകമെമ്പാടുമുള്ള തിയറ്റർ, ഡിജിറ്റൽ അവകാശങ്ങൾ പനോരമ സ്റ്റുഡിയോസും പെൻ സ്റ്റുഡിയോസും സംയുക്തമായി സ്വന്തമാക്കിയിരുന്നു. ജീത്തു ജോസഫ് രചനയും സംവിധാനവും നിർവഹിക്കുന്ന, മോഹൻലാൽ നായകനായെത്തുന്ന ദൃശ്യം 3 ആശിർവാദ് സിനിമാസിന്‍റെ ബാനറിൽ ആന്‍റണി പെരുമ്പാവൂരാണ് നിർമിക്കുന്നത്.

ഇന്ത്യൻ സിനിമയിലെ തന്നെ ഏറ്റവും സ്വാധീനമുള്ളതും ആഘോഷിക്കപ്പെടുന്നതുമായ സിനിമാറ്റിക് ഫ്രാഞ്ചൈസികളിൽ ഒന്നാണ് ദൃശ്യം. റെക്കോർഡ് ഭേദിച്ച ബോക്സ് ഓഫീസ് റെക്കോഡുകൾക്കൊപ്പം അസാമാന്യ പ്രേക്ഷക പിന്തുണയാണ് സിനിമയ്ക്ക് എല്ലാ ഭാഷകളിലും ലഭിച്ചിട്ടുള്ളത്.

Related Stories

No stories found.
Times Kerala
timeskerala.com