'ദൃശ്യം 3' ത്രില്ലര്‍ അല്ല, നാലര വര്‍ഷങ്ങള്‍ക്ക് ശേഷം ജോര്‍ജ് കുട്ടിയും കുടുംബവും നേരിടുന്ന ട്രോമകളും ബുദ്ധിമുട്ടുകളും; അമിത പ്രതീക്ഷ വേണ്ടെന്നും ജീത്തു ജോസഫ് | Drishyam 3

ജോര്‍ജ് കുട്ടിയുടെ കുടുംബത്തില്‍ എന്താണ് സംഭവിക്കുന്നതെന്നും അവരുടെ ഇപ്പോഴത്തെ അവസ്ഥ എന്താണെന്നും ഒക്കെയാണ് 'ദൃശ്യം 3'യിലൂടെ പ്രതിപാദിക്കുന്നത്
Drishyam 3
Published on

മലയാളി പ്രേക്ഷകർ വളരെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് മോഹന്‍ലാല്‍- ജീത്തു ജോസഫ് കൂട്ടുകെട്ടിൽ ഒരുങ്ങുന്ന 'ദൃശ്യം 3'. സിനിമയുടെ ഓരോ പുതിയ അപ്‌ഡേറ്റിനായും ആകാംക്ഷയോടെയാണ് ആരാധകർ കാത്തിരിക്കുന്നത്. എന്നാലിപ്പോൾ പ്രേക്ഷകര്‍ക്ക് ഏറെ സന്തോഷം നൽകുന്ന വാര്‍ത്തയാണ് ഇപ്പോള്‍ പുറത്തുവരുന്നത്. 'ദൃശ്യം 3'യുടെ ചിത്രീകരണം തുടങ്ങിയിരിക്കുന്നു.

മോഹന്‍ലാല്‍, ജീത്തു ജോസഫ്, ആന്‍റണി പെരുമ്പാവൂര്‍ തുടങ്ങിയവരുടെ സാന്നിധ്യത്തില്‍ എറണാകുളം പൂത്തോട്ട എസ്‌.എന്‍ ലോ കോളേജില്‍ സിനിമയുടെ പൂജ നടന്നു. ഈ വേളയില്‍ സിനിമയുടെ സ്‌റ്റോറി ലൈനിനെ കുറിച്ച് മാധ്യമങ്ങളോട് പ്രതികരിച്ച് സംവിധായകന്‍ ജീത്തു ജോസഫ്. 'ദൃശ്യം 3' നല്ലൊരു സിനിമയാണെന്നും അമിത പ്രതീക്ഷ വേണ്ടെന്നും ജീത്തു ജോസഫ് മാധ്യമങ്ങളോട് വ്യക്‌തമാക്കി.

"ദൃശ്യം 3 നല്ലൊരു സിനിമയാണ്. അമിത പ്രതീക്ഷയോടെ വരാതിരിക്കുക. ജോര്‍ജ് കുട്ടിയുടെ കുടുംബത്തില്‍ എന്താണ് സംഭവിക്കുക.. അവരുടെ ഇപ്പോഴത്തെ അവസ്ഥ എന്താണ്, എന്നൊക്കെയാണ് 'ദൃശ്യം 3' യിലൂടെ പറയുന്നത്. മറ്റ് രണ്ട് ഭാഗങ്ങളുടെ മുകളില്‍ നില്‍ക്കാന്‍ വേണ്ടി ചെയ്യുന്ന സിനിമ അല്ലിത്. നാലര വര്‍ഷങ്ങള്‍ക്ക് ശേഷം ജോര്‍ജ് കുട്ടിയുടെ വീട്ടില്‍ എന്തൊക്കെയാണ് സംഭവിക്കുന്നത്? എന്തൊക്കെ സംഭവിക്കാം എന്നതാണ് ഈ ചിത്രം പ്രതിപാദിക്കുന്നത്. ആ ആകാംക്ഷില്‍ സിനിമ കാണാന്‍ വരാം. ഈ അവസരത്തില്‍ മോഹന്‍ലാലിനൊപ്പം പ്രവര്‍ത്തിക്കാന്‍ ആകുന്നത് ഏറെ സന്തോഷം നല്‍കുന്നു." - ജീത്തു ജോസഫ് പറഞ്ഞു.

അതേസമയം, 'ദൃശ്യം 3' എപ്പോള്‍ തിയേറ്ററുകളില്‍ എത്തുമെന്ന് പറയാനാകില്ലെന്നും ജിത്തു ജോസഫ് പറഞ്ഞു. 'ദൃശ്യം 3'യുടെ ചിത്രീകരണം തീരുന്നത് പോലെയായിരിക്കും റിലീസ് തീയതി. അതൊക്കെ നിര്‍മ്മാതാവാണ് തീരുമാനിക്കുന്നത്. ദൃശ്യം ഒരു ത്രില്ലര്‍ സിനിമയാണെന്ന് കണക്കാക്കിയിട്ടില്ല. ഇതൊരു ഫാമിലി ഡ്രാമയാണ്." - സംവിധായകന്‍ വ്യക്‌തമാക്കി.

ദൃശ്യം 3 രണ്ട് കുടുംബങ്ങളുടെ കഥയായിരുന്നുവെന്നും ഇപ്പോള്‍ അത് ജോര്‍ജ് കുട്ടിയുടെ കുടുംബത്തിലെ കഥയാണെന്നും അദ്ദേഹം അറിയിച്ചു. "അവര്‍ നേരിടുന്ന ട്രോമകളും മറ്റ് ബുദ്ധിമുട്ടുകളുമാണ് ചിത്രം പറയുന്നത്," ജീത്തു ജോസഫ് മാധ്യമങ്ങളോട് പറഞ്ഞു.

മോഹന്‍ലാലിന് ദാദാസാഹേബ് ഫാല്‍ക്കെ പുരസ്‌കാരം ലഭിച്ചതിനെ കുറിച്ചും ജീത്തു ജോസഫ് പ്രതികരിച്ചു. "മോഹന്‍ലാലിന് ദാദാസാഹേബ് ഫാല്‍ക്കെ പുരസ്‌കാരം ലഭിച്ചതില്‍ അഭിമാനം ഉണ്ടെന്നാണ് ജീത്തു ജോസഫിന്‍റെ പ്രതികരണം. എല്ലാ രീതിയിലും ഫാല്‍ക്കെ അവാര്‍ഡിന് അര്‍ഹതപ്പെട്ട വ്യക്‌തിയാണ് മോഹന്‍ലാല്‍. സിനിമയ്‌ക്ക് മാത്രമല്ല, സാമൂഹിക-സാംസ്‌കാരിക മേഖലയിലും അദ്ദേഹം ഒരുപാട് സംഭാവനകള്‍ നല്‍കിയിട്ടുണ്ടെന്നും ജീത്തു ജോസഫ് പറഞ്ഞു.

Related Stories

No stories found.
Times Kerala
timeskerala.com