
പ്രേക്ഷകർ വളരെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സൂപ്പർ ഹിറ്റ് ചിത്രം ദൃശ്യത്തിന്‍റെ മൂന്നാം ഭാഗം ആരംഭിച്ചു. എറണാകുളം പൂത്തോട്ട ലോ കോളജിൽ ഇന്ന് രാവിലെ ചിത്രത്തിന്‍റെ പൂജ ചടങ്ങുകൾ നടന്നു. സിനിമയുടെ ചിത്രീകരണത്തിന് പൂജയ്ക്ക് ശേഷം തുടക്കം കുറിച്ചു. പൂജാ ചടങ്ങുകൾക്ക് ശേഷം മോഹൻലാൽ ദാദ സാഹേബ് ഫാൽകെ പുരസ്കാരം സ്വീകരണത്തിനായി ഡൽഹിയിലേക്ക് പോയി. സിനിമയുടെ പൂജാ ചടങ്ങുകളിൽ സംവിധായകൻ ജീത്തു ജോസഫും മോഹൻലാലും നിർമ്മാതാവ് ആന്‍റണി പെരുമ്പാവൂരും ചേര്‍ന്ന് ഭദ്രദീപം തെളിച്ചു.
ഒന്നാം ഭാഗത്തിനു ശേഷം രണ്ടാം ഭാഗവും ജനങ്ങൾ ഏറ്റെടുത്തതിന്‍റെ അടിസ്ഥാനത്തിലല്ല മൂന്നാം ഭാഗം ചെയ്യുന്നതെന്ന് ജിത്തു ജോസഫ് മാധ്യമങ്ങളോട് പറഞ്ഞു. രണ്ടാം ഭാഗത്തിന്‍റെ കഥ പറഞ്ഞു നിര്‍ത്തിയടുത്ത് നിന്നു നാലുവർഷത്തിനു ശേഷമുള്ള ജോർജുകുട്ടിയുടെയും കുടുംബത്തിന്‍റെയും കഥയാണ് മൂന്നാം ഭാഗത്തിന് ആധാരം.
ദൃശ്യം സിനിമയുടെ ആദ്യ രണ്ടു ഭാഗങ്ങളിൽ നിന്നും തികച്ചും വിഭിന്നമാണ് മൂന്നാം ഭാഗം എന്ന് സംവിധായകൻ അറിയിച്ചു. ആദ്യ രണ്ടു ഭാഗങ്ങൾ പോലെ ത്രില്ലർ സ്വഭാവം മൂന്നാം ഭാഗത്തിനും ഉണ്ടോ എന്ന മാധ്യമങ്ങളുടെ ചോദ്യത്തിന്, മോഹൻലാൽ സ്വതസിദ്ധമായ ശൈലിയിൽ, 'ജോർജുകുട്ടി എന്തെങ്കിലും കുഴപ്പങ്ങൾ ഉണ്ടാക്കുമായിരിക്കും' എന്ന് മറുപടി പറഞ്ഞു.
ദൃശ്യം മൂന്നാം ഭാഗവുമായി ബന്ധപ്പെട്ട കഥയുടെ വിശദാംശങ്ങൾ ആരോടും പറയരുതെന്ന് സംവിധായകൻ ജിത്തു ജോസഫ് തന്നെ വിലക്കിയതായി മോഹൻലാൽ തമാശ രൂപേണ പറഞ്ഞു. 55 ദിവസമാണ് ദൃശ്യം എന്ന സിനിമയുടെ ഷൂട്ടിംഗ് ഉണ്ടാവുക. മലയാളം തെലുഗു ഹിന്ദി ഭാഷകളിലായി ഒരേസമയം സിനിമയുടെ ചിത്രീകരണം ആരംഭിക്കുമെന്നും ജീത്തു ജോസഫ് വ്യക്തമാക്കി.