“എന്റെ സംഗീതം ഉപയോഗിക്കരുത്”; വൈറ്റ് ഹൗസിനോട് അമേരിക്കൻ പോപ് താരം സബ്രിന കാർപെന്റർ | White House
വാഷിംഗ്ടൺ: വൈറ്റ് ഹൗസിനോട് തന്റെ സംഗീതം ഉപയോഗിക്കുന്നത് നിർത്താൻ ആവശ്യപ്പെട്ടു അമേരിക്കൻ പോപ് താരം സബ്രിന കാർപെന്റർ. ട്രംപ് ഭരണകൂടം, ഇമിഗ്രേഷൻ ആൻഡ് കസ്റ്റംസ് എൻഫോഴ്സ്മെന്റ് ഉദ്യോഗസ്ഥർ ആളുകളെ പിടികൂടുന്ന ദൃശ്യങ്ങളുള്ള ഒരു സോഷ്യൽ മീഡിയ വിഡിയോയിൽ താരത്തിന്റെ പാട്ട് ഉപയോഗിച്ചിരുന്നു.
തിങ്കളാഴ്ച വൈറ്റ് ഹൗസ് പങ്കുവെച്ച വിഡിയോയിലായിരുന്നു 2024-ലെ ഗായികയുടെ ഹിറ്റ് പാട്ടായ “ജൂനോ” ഉപയോഗിച്ചിരുന്നത്. വിഡിയോയിൽ ഫെഡറൽ ഇമിഗ്രേഷൻ ഉദ്യോഗസ്ഥർ ആളുകളെ പിന്തുടരുന്നതും പിടികൂടുന്നതും അതു മൊബൈലിൽ പകർത്തുന്ന പൊതുജനങ്ങളെയും ആണ് കാണുന്നത്.
“ഈ വീഡിയോ ഭയങ്കരവും അസഹ്യവുമാണ്. എന്റെ സംഗീതം നിങ്ങളുടെ അന്ധമായ, മനുഷ്യരഹിതമായ അജണ്ടയ്ക്ക് വേണ്ടി ഒരിക്കലും ഉപയോഗിക്കരുത്.” -എന്നാണ് സബ്രിന കാർപെന്റർ എക്‌സിൽ കുറിച്ചത്.
അതേസമയം, "ഞങ്ങൾ രാജ്യത്തിൽ നിന്ന് അപകടകരമായ കുറ്റവാളികളായ കൊലയാളികളെയും പീഡകരെയും പുറത്താക്കുന്നതിന് ക്ഷമ ചോദിക്കില്ല. ഇവരെ സംരക്ഷിക്കുന്നവർ മൂഢന്മാരാണ്." - എന്നാണ് വൈറ്റ് ഹൗസ് വക്താവ് അബിഗെയിൽ ജാക്സൺ സബ്രിനയ്ക്ക് നൽകിയ മറുപടി.

