

മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്ത 'എമ്പുരാൻ' സിനിമയുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ ആദ്യമായി പ്രതികരിച്ച് പൃഥ്വിരാജ്. രാഷ്ട്രീയം പറയാനല്ല താന്‍ ‘എമ്പുരാന്‍’ ചെയ്തതെന്ന് പൃഥ്വിരാജ്. രാഷ്ട്രീയം പറയാനാണെങ്കില്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ഇട്ടാല്‍ മതി, കോടികള്‍ മുടക്കി സിനിമ ചെയ്യണ്ടെന്നും പൃഥ്വിരാജ്. എമ്പുരാന്‍ സിനിമ പുറത്തിറങ്ങി 8 മാസത്തിന് ശേഷമാണ് പൃഥ്വിരാജ് തന്റെ നിലപാട് വ്യക്തമാക്കുന്നത്.
‘‘ഞാൻ മനഃപൂർവം ഒരു പ്രത്യേക ഉദ്ദേശത്തോടുകൂടി സിനിമ ചെയ്തതല്ല. അത് എനിക്ക് പൂർണ ബോധ്യമുണ്ട്. ആ സിനിമയുടെ കഥ ഞാൻ കേട്ടു, എനിക്ക് ഇഷ്ടപ്പെട്ടു. അതിന്റെ തിരക്കഥ നിർമാതാവിനെയും നായക നടനെയും പറഞ്ഞു കേൾപ്പിച്ചു, എല്ലാർക്കും ബോധ്യമായി, അങ്ങനെയാണ് ആ സിനിമ ചെയ്തത്. എന്നെ സംബന്ധിച്ചിടത്തോളം ആ സിനിമ പ്രേക്ഷകരെ ആസ്വദിപ്പിക്കുക എന്ന ഒരു ഉദ്ദേശമേ എനിക്കുള്ളൂ. അതിൽ ഞാൻ പരാജയപ്പെട്ടിട്ടുണ്ടെങ്കിൽ അത് ഒരു സംവിധായകൻ എന്ന നിലയിൽ എന്റെ തോൽവിയാണ്. എന്റെ രാഷ്ട്രീയ പ്രസ്താവന നടത്താൻ വേണ്ടി ഞാൻ ഒരിക്കലും ഒരു സിനിമ ചെയ്യില്ല. ഇന്നത്തെ കാലത്ത് അതിന് കോടികൾ മുടക്കി ഒരു സിനിമ ചെയ്യേണ്ട ആവശ്യമില്ല. അതിന് നമ്മുടെ സോഷ്യൽ മീഡിയയിൽ ഒരു സ്റ്റേറ്റ്മെൻറ് ഇട്ടാൽ മതി. ഇത്രയും വലിയൊരു സിനിമ ചെയ്യേണ്ട കാര്യമൊന്നുമില്ല. ഞാൻ എന്നോട് തന്നെ സത്യസന്ധനായിരിക്കുന്നിടത്തോളം കാലം എന്റെ ഉള്ളിൽ എനിക്ക് ആ ബോധ്യം ഉണ്ടെങ്കിൽ ഞാൻ സങ്കടപ്പെടേണ്ട കാര്യമോ ആരെയും ഭയപ്പെടേണ്ട കാര്യമോ ഉണ്ടെന്ന് ഞാൻ കരുതുന്നില്ല," -പൃഥ്വിരാജ് വ്യക്തമാക്കി.