

ബിഗ് ബോസിൻ്റെ പ്രേക്ഷകർ ആരാണെന്ന് എനിക്കറിയില്ല. ജിസേൽ ധരിച്ച വസ്ത്രം തനിക്ക് അരോചകമായി തോന്നി. ബിഗ് ബോസ് വീട്ടമ്മമാരൊക്കെ ഇരുന്ന് കാണുന്നതല്ലേ? എന്ന് കരുതിയാണ് ജിസേലിനോട് താൻ ഇക്കാര്യം പറഞ്ഞതെന്നും ഷാനവാസ്. ഏഷ്യാനെറ്റ് ന്യൂസിന് നൽകിയ അഭിമുഖത്തിലാണ് താരത്തിൻ്റെ പ്രതികരണം.
“ഞാൻ കയറിച്ചെല്ലുമ്പോൾ എല്ലാവരും ബിഗ് ബോസ് കൊടുത്ത വസ്ത്രങ്ങളാണ് ധരിച്ചിരുന്നത്. ജിസേൽ അവരുടെ സ്വന്തം വസ്ത്രം ധരിച്ചിരുന്നു. എനിക്ക് അത് അകത്തിടുന്ന ഡ്രസ് പോലെയാണ് തോന്നിയത്. ഞാനൊരു സാധാരണക്കാരനാണ്. നാട്ടുമ്പുറത്തുനിന്ന് വരുന്നയാളാണ്. ഞാൻ 2കെ കിഡ് അല്ല. എനിക്ക് എൻ്റെ നിലപാടുകളുണ്ട്. എങ്കിലും ഞാനത്ര പഴഞ്ചനുമല്ല. ആ സമയത്ത് എനിക്ക് ആ വസ്ത്രം അരോചകമായിത്തോന്നി. അത് ഞാൻ തുറന്നുപറഞ്ഞു. വസ്ത്രധാരണം ഒരാളുടെ സ്വാതന്ത്ര്യമാണെന്ന് പറഞ്ഞിട്ടാണ് ഇക്കാര്യം ഞാനവിടെ പറഞ്ഞത്. മലയാളി ഓഡിയൻസ് ഇത് കാണുമ്പോൾ അരോചകമാവും എന്ന് തോന്നിയതുകൊണ്ട് പറഞ്ഞതാണ്. ബിഗ് ബോസിൻ്റെ ഓഡിയൻസ് ആരാണെന്ന് എനിക്കറിയില്ല. വീട്ടമ്മമാരൊക്കെ ഇരുന്ന് കാണുന്നതല്ലേ എന്ന് കരുതി ഉപദേശിച്ചതാണ്.”- ഷാനവാസ് പറഞ്ഞു.
ആദിലയെയും നൂറയെയും ഗെയിമിൻ്റെ ഭാഗമായാണ് ഒപ്പം നിർത്തിയതെന്നും ഷാനവാസ് പറഞ്ഞു. "ഒരാഴ്ച കൊണ്ട് ഗെയിം മനസ്സിലായി. അവരുമായിട്ട് പെങ്ങൾ പാസം കളിച്ചതൊന്നുമല്ല. ഒറ്റ തിരിഞ്ഞ് ആക്രമിക്കാൻ വന്ന അനീഷിനെ താനും ഒറ്റ തിരിഞ്ഞ് ആക്രമിച്ചു. അക്ബർ തന്നെ ആക്രമിക്കാൻ വന്നത് ഗ്രൂപ്പ് തിരിഞ്ഞാണ്. അപ്പോൾ തനിക്കും ഒരു ഗ്രൂപ്പ് വേണമെന്നായി. അപ്പോൾ ആദിലയും നൂറയും അക്ബറിൽ നിന്ന് ഇതേ പ്രശ്നം അനുഭവിക്കുന്നുണ്ടെന്ന് മനസ്സിലായി. അങ്ങനെ കൂട്ടായതാണ്. പിന്നെ സഹോദരിമാരോടും മക്കളോടുമൊക്കെയുള്ള സ്നേഹം ഇവരോട് തോന്നി." - ഷാനവാസ് കൂട്ടിച്ചേർത്തു.