

ഈ വർഷം രണ്ട് മമ്മൂട്ടി ചിത്രങ്ങളാണ് തിയറ്ററിലെത്തിയത്. ഒന്ന് മമ്മൂട്ടി കമ്പനി നിർമിച്ച ഡൊമിനിക് ആൻഡ് ദി ലേഡീസ് പഴ്സും മറ്റൊന്ന് ആക്ഷൻ ചിത്രമായ ബസൂക്കയുമാണ്. തിയറ്ററിൽ എത്തിയെങ്കിലും ബോക്സ്ഓഫീസിൽ തിളങ്ങാനാകാതെ പോയ ഈ രണ്ട് ചിത്രങ്ങളും ഇതുവരെ ഒടിടിയിൽ എത്തിട്ടില്ല. ജനുവരിയിലും ഏപ്രിലുമായി തിയറ്ററിൽ റിലീസായ ചിത്രങ്ങൾ ഏകദേശം ഏട്ട് മാസം പിന്നിടുമ്പോഴും ഒടിടി റിലീസ് സംബന്ധിച്ച് യാതൊരു വിവരവുമില്ല.
അതേസമയം, മമ്മൂട്ടി കമ്പനി നിർമിച്ച ഡൊമിനിക് ആൻഡ് ലേഡീസ് പഴ്സ് ഒടിടി സംബന്ധിച്ചുള്ള നിരവധി റിപ്പോർട്ടുകൾ ഇടയ്ക്കിടയ്ക്ക് പുറത്ത് വരാറുണ്ടായിരുന്നു. ഇപ്പോഴത്തെ റിപ്പോർട്ട് പ്രകാരം, ഈ മാസം അവസാനത്തോടെ 'ഡൊമിനിക് ആൻഡ് ലേഡീസ് പഴ്സ്' ഒടിടിയിൽ എത്തുമെന്നാണ് ചില സോഷ്യൽ മീഡിയ പേജുകൾ സൂചന നൽകുന്നത്. ചിത്രം ആമസോൺ പ്രൈം വീഡിയോയിലൂടെ ഉടൻ സംപ്രേഷണം ചെയ്യുമെന്നാണ് റിപ്പോർട്ടുകൾ.
ഡൊമിനിക് ആൻഡ് ലേഡീസ് പഴ്സ് പോലെ നിരവധി പേർ കാത്തിരിക്കുന്ന ചിത്രമാണ് ബസൂക്ക. പുതുമുഖ സംവിധായകൻ ഒരുക്കിയ ത്രില്ലർ ചിത്രം തിയറ്ററിൽ വേണ്ടത്ര മികവ് പുലർത്തിയില്ല. സോണി ലിവ്, സീ5 എന്നീ പ്ലാറ്റ്ഫോമുകളെ ബന്ധപ്പെടുത്തി ബസൂക്കയുടെ ഒടിടി റിലീസ് റിപ്പോർട്ടുകൾ നേരത്തെ വന്നിരുന്നു. എന്നാൽ അതൊന്നും സ്ട്രീമിങ് പ്ലാറ്റ്ഫോമുകൾ സ്ഥിരീകരിച്ചിട്ടില്ല. അതേസമയം, ബസുക്ക ഒടിടിയിൽ വരാതിരിക്കാൻ അണിയറപ്രവർത്തകർ തന്നെയാണ് ശ്രമിക്കുന്നതെന്നും റിപ്പോർട്ടുകളുണ്ട്. ചിത്രം ട്രോൾ മെറ്റീരിയൽ ആകുമോ എന്ന ഭയമാണ് ബസൂക്കയുടെ അണിയറപ്രവർത്തകർക്കുള്ളതെന്നും അതുകൊണ്ടാണ് ബസൂക്ക ഒടിടിയിലേക്കെത്താതെന്നുമാണ് ചില സോഷ്യൽ മീഡിയ പേജുകൾ നൽകുന്ന സൂചന.
തമിഴ് സിനിമയിൽ ബ്രാൻഡായി മാറിയ മലയാളി സംവിധായകൻ ഗൗതം വാസുദേവ് മേനോൻ മലയാളത്തിൽ ആദ്യമായി സംവിധാനം ചെയ്ത ചിത്രമാണ് ഡൊമിനിക് ആൻഡ് ലേഡീസ് പഴ്സ്. മമ്മൂട്ടിയുടെ തന്നെ സിനിമ നിർമാണ കമ്പനിയായ മമ്മൂട്ടി കമ്പനി തന്നെയാണ് ചിത്രം നിർമിച്ചത്. മമ്മൂട്ടിക്ക് പുറമെ ഗോകുൽ സുരേഷ്, സുഷ്മിത ഭട്ട്, സിദ്ധിഖ്, വിനീത്, വിജയ് ബാബു. ഷൈൻ ടോം ചാക്കോ, ലെന തുടങ്ങിയ നിരവധി പേർ ചിത്രത്തിൽ പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്തിട്ടുണ്ട്.