‘ബീഭത്സം’, ‘അരോചകം’, ‘അസഹ്യം’ ; 'ലോക' നല്ലൊരു തിരക്കഥ പോലുമില്ലാത്ത പരമബോറൻ യക്ഷിക്കഥ - കുറിപ്പ് | LOKA

ഇതു കൊലച്ചതിയായി പോയി ദുൽഖർ, 'ലോക’ സിനിമയെ വിമർശിച്ച് വിദ്യാഭ്യാസ വിദഗ്ധനും കേരള യൂണിവേഴ്​സിറ്റി മുന്‍ വി.സിയുമായ ഡോ. ബി.ഇക്​ബാല്‍
LOKA
Published on

തിയറ്ററുകളിൽ റെക്കോർഡുകൾ തിരുത്തി മുന്നേറുന്ന ‘ലോക’ സിനിമയെ വിമർശിച്ച് വിദ്യാഭ്യാസ വിദഗ്ധനും കേരള യൂണിവേഴ്​സിറ്റി മുന്‍ വി.സിയുമായ ഡോ. ബി.ഇക്​ബാല്‍. ചിത്രം അസഹ്യമാണെന്നും നല്ലൊരു തിരക്കഥ പോലുമില്ലാത്ത ഒരു പരമബോറൻ യക്ഷിക്കഥയാണെന്നും സമൂഹ മാധ്യമങ്ങളിൽ പങ്കുവച്ച കുറിപ്പിൽ അദ്ദേഹം പറയുന്നു.

ബി.ഇക്​ബാലിന്റെ കുറിപ്പിന്റെ പൂർണരൂപം:

‘‘മലയാള സിനിമയിൽ യക്ഷിബാധ!

ഇതു കുറച്ചു നേരത്തെ എഴുതണമെന്ന് കരുതിയിരുന്നു. പക്ഷേ ഇടയ്ക്ക് ചെറിയ ആരോഗ്യപ്രശ്‌നം വന്നതിനാൽ നീണ്ടുപോയി. വളരെനാൾ കൂടിയാണ് ഓണക്കാലത്ത് കുടുംബസമേതം തിയറ്ററിൽ പോയി ഒരു സിനിമ കണ്ടത്. അതെ അതു തന്നെ. എല്ലാവരും കണ്ണടച്ച് പുകഴ്ത്തി കൊണ്ടിരിക്കുന്ന ദുൽഖറിന്റെ വേഫെറർ ഫിലിംസ് നിർമിച്ച ‘ലോക – ചാപ്റ്റർ വൺ: ചന്ദ്ര’. ‘ലോക’ എന്ന് പേരുള്ള സൂപ്പർ ഹീറോ സിനിമാറ്റിക് യൂണിവേഴ്സിലെ ആദ്യ ചിത്രമാണത്രെ ‘ചന്ദ്ര’, നമ്മുടെ പ്രിയ യുവനടൻ ദുൽഖർ സൽമാൻ—അതും പ്രിയങ്കരനായ മമ്മൂട്ടിയുടെ മകൻ നിർമിച്ച ചിത്രമായതുകൊണ്ട് പലരും സത്യം പറയാൻ മടിക്കുമെന്നത് കൊണ്ട് ഞാൻ തന്നെയങ്ങു തുറന്ന് പറഞ്ഞേക്കാം.

ഇതു വലിയൊരു കൊലച്ചതിയായി പോയി ദുൽഖർ. ഇപ്പോഴത്തെ മലയാള സിനിമാ സൂപ്പർസ്റ്റാറുകളെ പിടികൂടിയിട്ടുള്ള മെഗാ ബജറ്റ് മാനിയ ദുൽഖറിനെയും ബാധിച്ചിരിക്കുന്നു. ഫലം: മിതമായ ഭാഷയിൽ പറഞ്ഞാൽ, ‘ബീഭത്സം’, ‘അരോചകം’, ‘അസഹ്യം’ എന്നൊക്കെ മാത്രം വിശേഷിപ്പിക്കാൻ കഴിയുന്ന നല്ലൊരു തിരക്കഥ പോലുമില്ലാത്ത ഒരു പരമബോറൻ യക്ഷിക്കഥ.

‘കടമറ്റത്ത് കത്തനാർ’ മുതൽ ‘ഡ്രാക്കുള’ വരെ—എത്രയോ യക്ഷി സിനിമകൾ കണ്ടു മടുത്ത പ്രേക്ഷകർക്ക് മേൽ ഇങ്ങനെയൊരു അന്ധവിശ്വാസ ജടിലമായ സിനിമ, ദുൽഖറിനെ പോലൊരു യുവ പ്രതിഭയിൽ നിന്ന് തീരെ പ്രതീക്ഷിച്ചില്ല. സർറിയൽ സിനിമകളൊക്കെയാവാം. അതിൽ തെറ്റില്ല. പക്ഷേ കലാമൂല്യം വേണം. അതിന്റെ തരിമ്പ് പോലും ചിത്രത്തിലില്ല.

സിനിമയുടെ അവസാനഭാഗമെത്തി, രക്ഷപ്പെട്ടു എന്ന് കരുതി ശ്വാസമെടുത്തപ്പോൾ വരുന്നു കിടിലൻ ട്വിസ്റ്റ്: “ചാത്തൻമാർ ഇനിയും വരും”. അതായത് "ലോക" പീഡന ശൈലിയിൽ തുടർ സിനിമകളും വരുമെന്ന ഭീഷണി തന്നെ!

സിനിമയ്ക്കായി സൃഷ്ടിക്കപ്പെടുന്ന കൃത്രിമ ഹൈപ്പ് കാണുമ്പോൾ നീലി യക്ഷിക്കായി ‘ഒ നെഗറ്റിവ്’ രക്തം ദാനം ചെയ്യാൻ തിയറ്ററുകൾക്ക് മുൻപിൽ ജെൻസി ക്യൂ നിന്നു തുടങ്ങുമോ എന്നാണെന്റെ ഭയം. ഇപ്പോഴിതാ, ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ നിർമിക്കുന്ന യക്ഷിക്കഥയാവാൻ സാധ്യതയുള്ള ജയസൂര്യ – റോജിൻ തോമസ് ചിത്രം “കത്തനാർ” ഫസ്റ്റ് ലുക്ക് പുറത്തു വന്നിരിക്കുന്നു. മലയാള സിനിമയെ മറ്റൊരു തലത്തിൽ എത്തിക്കുന്ന ബ്രഹ്മാണ്ഡ സിനിമാനുഭവമായി ഈ ചിത്രം മാറുമെന്നാണ് പരസ്യപ്പെടുത്തിയിരിക്കുന്നത്. സിനിമ പ്രേമികളെ പുതിയ തലത്തിലുള്ള യക്ഷി പീഡനം കാത്തിരിക്കുന്നുവെന്ന് ഊഹിക്കാം. ഇത്തരം സിനിമകളെ നേരിടാനുള്ള ചികിത്സാ മാർഗം ഒന്നേയുള്ളൂ—ഗാന്ധിയൻ സമരരീതി: ബഹിഷ്കരണം.’’

Related Stories

No stories found.
Times Kerala
timeskerala.com