
കൊച്ചി:'പ്രോഗ്രസീവ് ഫിലിം മേക്കേഴ്സ്' എന്ന കൂട്ടായ്മയുടെ ഭാഗമല്ല താനെന്ന് പറഞ്ഞ് സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരി. അതേസമയം, താൻ ക്രിയാത്മകമായ ചലച്ചിത്ര സംവിധായക നിർമാതാക്കളുടെ സ്വതന്ത്ര കൂട്ടായ്മ എന്ന ആശയത്തോട് യോജിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.(Director Lijo Jose Pellissery about progressive film makers)
അത്തരത്തിലൊരു കൂട്ടായ്മയുടെ ഭാഗമാകാൻ ആഗ്രഹിക്കുന്ന പക്ഷം അത് ഔദ്യോഗികമായി അറിയിക്കുമെന്നും സംവിധായകൻ വ്യക്തമാക്കി. അദ്ദേഹത്തിൻ്റെ പ്രതികരണം ഫെയ്സ്ബുക്ക് കുറിപ്പിലൂടെയായിരുന്നു. മലയാള സിനിമയിൽ പ്രോഗ്രസീവ് ഫിലിം മേക്കേഴ്സ് എന്ന പേരിൽ പുതിയ സംഘടന വരുന്നത് സംവിധായകൻ ആഷിഖ് അബുവിൻ്റെ നേതൃത്വത്തിലാണ്.
ലിജോ ജോസ് പെല്ലിശ്ശേരിയുടെ കുറിപ്പിൻ്റെ പൂർണരൂപം
മാധ്യമങ്ങളിൽ പ്രചരിക്കുന്ന ചലച്ചിത്ര കൂട്ടായ്മയിൽ ഞാൻ നിലവിൽ ഭാഗമല്ല .
സുഹൃത്തും സംവിധായകനുമായ ആഷിക് അബു ഇത്തരമൊരു കൂട്ടായ്മയെ കുറിച്ചുള്ള ആശയം ഞാനുമായി പങ്കുവെച്ചിരുന്നു .ക്രീയാത്മകമായ ചലച്ചിത്ര സംവിധായക നിർമാതാക്കളുടെ സ്വതന്ത്ര കൂട്ടായ്മ എന്ന ആശയത്തോട് ഞാൻ യോജിക്കുകയും അത്തരത്തിലൊന്നിനെ സ്വാഗതം ചെയ്യുകയും ചെയ്യുന്നു .
അങ്ങിനെയൊരു കൂട്ടായ്മയുടെ ഭാഗമാവാൻ ഞാൻ ആഗ്രഹിക്കുന്ന പക്ഷം അതൊരു ഔദ്യോഗിക അറിയിപ്പായി എൻ്റെ ഭാഗത്തു നിന്നും ഉണ്ടാകും. അതുവരെ എൻ്റെ പേരിൽ പ്രചരിക്കുന്ന ഒന്നും എൻ്റെ അറിവോടെയല്ല.