

അതിജീവിതയ്ക്ക് നീതി ലഭിച്ചില്ലെന്ന് വ്യക്തമാക്കി സംവിധായകൻ കമൽ. "ഒന്നാം പ്രതിക്കെങ്കിലും ജീവപര്യന്തം ശിക്ഷ കിട്ടുമെന്ന് കരുതിയിരുന്നു. കുറ്റകൃത്യത്തിന്റെ കാഠിന്യം കുറഞ്ഞുപോയെന്ന് കോടതിക്ക് തോന്നിയോ എന്നറിയില്ല" എന്നും കമൽ പരിഹസിച്ചു. പ്രതികളുടെ ശിക്ഷാ വിധി പുറത്തു വന്നതിനു പിന്നാലെ വിഷയത്തിൽ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
“അതി ജീവിതയ്ക്ക് നീതി ലഭിച്ചിട്ടില്ല. നീതി കിട്ടിയിട്ടില്ലെന്ന് അവൾക്ക് തോന്നിയാൽ അത് അങ്ങനെ തന്നെയാണ്. ഒന്നാം പ്രതിക്കെങ്കിലും ജീവപര്യന്തം ശിക്ഷ കിട്ടുമെന്ന് കരുതിയിരുന്നു. കുറ്റകൃത്യത്തിന്റെ കാഠിന്യം കുറഞ്ഞുപോയെന്ന് കോടതിക്ക് തോന്നിയോയെന്നറിയില്ല.” കമൽ പറഞ്ഞു.
ഇന്ന് വൈകിട്ടാണ് നടി ആക്രമിക്കപ്പെട്ട കേസിൽ ആദ്യ ആറു പ്രതികൾക്ക് ശിക്ഷ വിധിച്ചത്. പൾസർ സുനിയടക്കം ആറു പ്രതികൾക്കും 20 വർഷം തടവാണ് കോടതി വിധിച്ചിരിക്കുന്നത്. സെക്ഷൻ 376 ഡി ഗ്യാങ് റേപ്പിന്റെ അടിസ്ഥാനത്തിലാണ് ശിക്ഷ വിധിച്ചിരിക്കുന്നത്. പരമാവധി ശിക്ഷ വിധിക്കണമെന്ന പ്രോസിക്യൂഷന്റെ വാദം കോടതി തള്ളി. എല്ലാ പ്രതികളിൽ നിന്നും അഞ്ചു ലക്ഷം രൂപ അതി ജീവിതയ്ക്ക് നൽകണമെന്നാണ് കോടതി തീരുമാനിച്ചിരിക്കുന്നത്. പ്രതികൾ ഈ കേസിൽ ഇതിനുമുന്നെ അനുഭവിച്ച ശിക്ഷയുടെ കാലയളവ് ഒഴിവാക്കിയാണ് 20 വർഷം തടവ് വിധിച്ചിരിക്കുന്നത്. കേസിലെ ദൃശ്യങ്ങളടങ്ങിയ പെൻഡ്രൈവ് അന്വേഷണ ഉദ്യോഗസ്ഥൻ സൂക്ഷിക്കണമെന്നും കോടതി ഉത്തരവിട്ടിട്ടുണ്ട്. അതിജീവിതയുടെ സ്വകാര്യതയെ മാനിക്കണമെന്നും കോടതി കൂട്ടിച്ചേർത്തു.