
2025 ലെ ഇൻ്റർനാഷണൽ എമ്മി അവാർഡിലെ മികച്ച നടനുള്ള നോമിനേഷൻ നേടി ഇന്ത്യക്കാരനായ ദിൽജിത് ദോസഞ്ജും 'അമർ സിംഗ് ചംകീല'യും. ഇംതിയാസ് അലിയുടെ നെറ്റ്ഫ്ലിക്സ് ബയോപിക് നാടകമായ 'അമർ സിംഗ് ചംകീല'യിൽ അന്തരിച്ച പഞ്ചാബി നാടോടി ഗായകനെ അവതരിപ്പിച്ചതിനാണ് താരത്തിന് നോമിനേഷൻ ലഭിച്ചിരിക്കുന്നത്.
ഇതിഹാസമായ ചംകീലയുടെ ഊർജ്ജം, വ്യക്തിപ്രഭാവം എന്നിവ അതിമനോഹരമായി പകർത്തിയെന്നാണ് ദോസഞ്ജിൻ്റെ പ്രകടനത്തിന് പ്രശംസ ലഭിക്കുന്നത്. ഡേവിഡ് മിച്ചൽ (ലുഡ്‌വിഗ്), ഓറിയോൾ പ്ലാ (യോ, അഡിക്റ്റോ), ഡീഗോ വാസ്‌ക്വസ് (വൺ ഹൺഡ്രഡ് ഇയേഴ്‌സ് ഓഫ് സോളിറ്റ്യൂഡ്) എന്നിവയ്‌ക്കൊപ്പമാണ് അദ്ദേഹത്തെയും ഉൾപ്പെടുത്തിയത്.
അതേസമയം, മികച്ച ടിവി മൂവി/ മിനി സീരീസ് വിഭാഗത്തിലാണ് 'അമർ സിംഗ് ചംകീല' എമ്മി നോമിനേഷൻ നേടിയത്. 2024 ഏപ്രിൽ 12ന് നെറ്റ്ഫ്ലിക്സില്‍ പ്രദർശിപ്പിച്ച് തുടങ്ങിയ ഈ സീരീസ് ചംകീലയുടെ അസാധാരണമായ ജീവിത യാത്രയാണ് കാണിക്കുന്നത്.
പ്രണയം, കലാപം, സാമൂഹിക യാഥാർഥ്യങ്ങൾ എന്നിവയെക്കുറിച്ച് തുറന്നു സംസാരിക്കുന്നതിന് പേരുകേട്ട ചംകീല 27ാം വയസ്സിൽ കൊല്ലപ്പെടുകയായിരുന്നു. 1988ലാണ് ഭാര്യ അമർജോതിനൊപ്പം ചംകീല കൊല്ലപ്പെടുന്നത്. ചിത്രത്തിൽ പരിനീതി ചോപ്രയാണ് അമർജോതായി ദോസഞ്ജിനൊപ്പം വേഷമിടുന്നത്.