
റിലീസ് പിന്നിട്ട് രണ്ടാം ആഴ്ച്ചയിലേക്ക് കടക്കുമ്പോഴും റോന്തിന് തീയ്യേറ്ററിൽ വൻ സ്വീകരണം. ഷാഹി കബീർ എഴുതി സംവിധാനം ചെയ്ത ഈ ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളായ ദിലീഷ് പോത്തന്റേയും റോഷൻ മാത്യുവിന്റേയും പ്രകടനത്തിനും വലിയ കയ്യടിയാണ്. ഇരുവരുടേയും കരിയർ ബെസ്റ്റ് ആണ് ഇതെന്ന് നിരൂപകരും പ്രേക്ഷകരും ഒരുപോലെ സാക്ഷ്യപ്പടുത്തുന്നു.
കേരളത്തിന് പുറമേ വിദേശത്തും റോന്തിന് മികച്ച കളക്ഷനാണ്. കനത്ത മഴയെ അതിജീവിച്ചാണ് ചിത്രം കേരളത്തിലെ തീയ്യേറ്ററുകളിൽ നിന്നും പണം വാരുന്നത്.
“റോന്തിന് കിട്ടുന്ന വലിയ സ്വീകാര്യതയിൽ ഏറെ സന്തോഷമുണ്ട്. പ്രത്യേകിച്ച് ആദ്യ വീക്കെന്റിൽ എനിക്ക് ലഭിച്ച പ്രതികരണങ്ങൾ. വലിയ രീതിയിൽ കഷ്ടപ്പെട്ടു ചെയ്ത സിനിമായണ് റോന്ത്. അത് പ്രേക്ഷകർക്ക് ഇഷ്ടമാകും എന്നും അറിയാമായിരുന്നു. എന്നാൽ ഇപ്പോൾ കിട്ടുന്ന ഈ വലിയ പിൻതുണ സത്യത്തിൽ പ്രതീക്ഷിക്കാത്തതാണ്. ഈ സിനിമ എന്നും എനിക്ക് സ്പെഷലായിരിക്കും”. ചിത്രത്തിൽ ദിൻനാഥ് എന്ന കഥാപാത്രത്തെ അവതരിപ്പിച്ച റോഷൻ മാത്യു പറയുന്നു.
“ഒരുപാട് കഥാപാത്രങ്ങൾ സിനിമയിൽ ചെയ്തിട്ടുണ്ടെങ്കിലും റോന്തിലെ യോഹന്നാൻ എന്ന കഥാപാത്രത്തിന് കിട്ടിയ അത്രയും അഭിനന്ദനങ്ങൾ എനിക്ക് സിനിമ ജീവിതത്തിൽ ഇതുവരെ കിട്ടിയിട്ടില്ല. സിനിമ നന്നാകും എന്ന ധൈര്യം എനിക്കുണ്ടായിരുന്നു. പക്ഷെ ഒരു നടൻ എന്ന നിലയിൽ ഇത്രയും അഭിനന്ദനം കിട്ടുമെന്ന് കരുതിയില്ല. മാത്രമല്ല അത് വലിയ സർപ്രൈസ് കൂടിയായിരുന്നു”. യോഹന്നാൻ എന്ന എഎസ്ഐയെ അവതരിപ്പിച്ച ദിലീഷ് പോത്തൻ പറയുന്നു.
ജോസഫിനും നായാട്ടിനും ഓഫീസർ ഓൺ ഡ്യൂട്ടിക്കും ശേഷം ഷാഹി കബീർ തിരക്കഥയൊരുക്കി ഇലവീഴാപൂഞ്ചിറക്ക് ശേഷം സംവിധാനം ചെയ്ത ചിത്രമാണ് റോന്ത്. ടൈംസ് ഗ്രൂപ്പിന്റെ ജംഗ്ലീ പിക്ചേഴ്സും ഫെസ്റ്റിവൽ സിനിമാസും ചേർന്നാണ് ചിത്രം നിർമ്മിച്ചത്.