
സംവിധായകൻ ആഷിക്ക് അബുവിന്‍റെ പുതിയ ചിത്രമായ 'റൈഫിള്‍ ക്ലബ്' അണിയറപ്രവർത്തകർ പുറത്തുവിട്ടിരിക്കുന്ന ദിലീഷ് പോത്തന്‍റെ ക്യാരക്ടർ പോസ്റ്റർ കുറച്ച് സമയം കൊണ്ട് ഏവരുടേയും ശ്രദ്ധ കവർന്നിരിക്കുകയാണ്. സഹസംവിധായകനായി, നടനായി, പിന്നീട് സംവിധായകനായി ഉയർന്നുവന്ന ദിലീഷ് പോത്തൻ ഒട്ടേറെ സിനിമകളിൽ വില്ലനായും ക്യാരക്ടർ റോളുകളിലും ഹാസ്യ വേഷങ്ങളിലുമൊക്കെ എത്തിയിട്ടുണ്ട്. സെക്രട്ടറി അവറാൻ എന്ന കഥാപാത്രം ഏത് രീതിയിലുള്ളതായിരിക്കുമെന്നാണ് ഇപ്പോൾ സിനിമാപ്രേമികൾക്കിടയിലെ ചർച്ചകള്‍.
പ്രശസ്ത ബോളിവുഡ് സംവിധായകനും അഭിനേതാവുമായ അനുരാഗ് കശ്യപും റൈഫിള്‍ ക്ലബിൽ പ്രധാന വേഷത്തിലുണ്ട്. അനുരാഗ് അവതരിപ്പിക്കുന്ന കഥാപാത്രത്തിന്‍റെ ക്യാരക്ടര്‍ പോസ്റ്റര്‍ കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നു. ദയാനന്ദ് ബാരെ എന്ന കഥാപാത്രത്തെയാണ് അനുരാഗ് കശ്യപ് ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. മലയാളത്തിലെ അദ്ദേഹത്തിന്‍റെ അരങ്ങേറ്റം കൂടിയാണ് ഈ ചിത്രം. കൂടാതെ സുരേഷ് കൃഷ്ണ അവതരിപ്പിക്കുന്ന ഡോ. ലാസർ, സുരഭി ലക്ഷ്മിയുടെ സൂസൻ എന്നീ കഥാപാത്രങ്ങളുടേയും ക്യാരക്ടർ പോസ്റ്ററുകളും ഇതിനകം പുറത്തിറങ്ങിയിട്ടുണ്ട്.