

രാമലീല എന്ന ഹിറ്റ് ചിത്രത്തിന് ശേഷം അരുൺ ഗോപി ദിലീപിനെ നായകനാക്കി ഒരുക്കിയ ഗ്യാങ്സ്റ്റാർ ചിത്രമാണ് 'ബാന്ദ്ര'. ദിലീപ് ആരാധകർക്ക് ഏറെ പ്രതീക്ഷ നൽകികൊണ്ടായിരുന്നു ബാന്ദ്ര, 2023 നവംബറിൽ തിയറ്ററുകളിലെത്തിയത്. പക്ഷേ ചിത്രം വൻ പരാജയമായി. തിയറ്ററിൽ റിലീസിന് ശേഷം ബാന്ദ്ര ഒടിടിയിലോ ടെലിവിഷനിലോ എത്തിയില്ല. ഇടയ്ക്ക് ചിത്രം ഒടിടിയിൽ എത്തുമെന്ന് സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. എന്നാൽ രണ്ട് വർഷമായിട്ടും ദിലീപിൻ്റെ ബാന്ദ്ര ഒടിടിയിൽ എത്തിയില്ല.
എന്നാൽ, ബാന്ദ്ര നവംബർ ആദ്യ വാരത്തോടെ ഒടിടിയിൽ സംപ്രേഷണം ചെയ്യുമെന്നാണ് ഒടിടി റിലീസുകൾ സംബന്ധിച്ചുള്ള റിപ്പോർട്ടുകൾ. ആമസോൺ പ്രൈം വീഡിയോ ബാന്ദ്രയുടെ ഒടിടി റൈറ്റ്സ് സ്വന്തമാക്കിയെന്നും റിപ്പോർട്ടുണ്ട്. അതേസമയം, ഇത് സംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണം ഇതുവരെ ഒടിടി പ്ലാറ്റ്ഫോമോ സിനിമയുടെ അണിയറപ്രവർത്തകരോ പങ്കുവെച്ചിട്ടില്ല.
മുംബൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഗ്യാങ്സ്റ്ററായ അലക്സാണ്ടർ ഡൊമിനിക്ക് എന്ന അലയുടെ കഥയാണ് ബാന്ദ്രയിൽ പറയുന്നത്. തെന്നിന്ത്യൻ താരം തമന്നയാണ് ചിത്രത്തിൽ ദിലീപിൻ്റെ നായികയായി എത്തിയത്. അജിത് വിനായ ഫിലിംസിൻ്റെ ബാനറിൽ വിനായക അജിത്താണ് ചിത്രം നിർമിച്ചത്. ഹിറ്റ് മേക്കറായ ഉദയകൃഷ്ണയാണ് ചിത്രത്തിൻ്റെ രചന നിർവഹിച്ചത്.
ദിലീപിനും തമന്നയ്ക്കും പുറമെ ഡിനോ മോറിയ, മംമത മോഹൻദാസ്, കലാഭൻ ഷാജോൺ, ശരത്കുമാർ, ലെൻ, ഗണേഷ് കുമാർ, സിദ്ധിഖ് തുടങ്ങിയ നിരവധി പേർ ചിത്രത്തിൽ അഭിനയിച്ചിട്ടുണ്ട്. ഷാജി കുമാറാണ് ഛായാഗ്രാഹൻ. സാം സി എസാണ് ചിത്രത്തിലെ ഗാനങ്ങൾ ഒരുക്കിയിരിക്കുന്നത്. വിവേക് ഹർഷനാണ് എഡിറ്റർ റിപ്പോർട്ടുകൾ പ്രകാരം ഏകദേശം 35 കോടിക്കാണ് ചിത്രം നിർമിച്ചിട്ടുള്ളത്.