നിയമ യുദ്ധത്തിൽ ദിലീപിന് ആശ്വാസം: കാത്തിരിക്കുന്നത് മാറിയ മലയാള സിനിമ, തിരികെയെടുക്കാൻ സംഘടനകൾ, അപ്പീൽ പോകുമെന്ന് സർക്കാർ | Dileep

സംഭവം നടക്കുമ്പോൾ മലയാള സിനിമയിൽ പ്രമുഖനായിരുന്നു ദിലീപ്
നിയമ യുദ്ധത്തിൽ ദിലീപിന് ആശ്വാസം: കാത്തിരിക്കുന്നത് മാറിയ മലയാള സിനിമ, തിരികെയെടുക്കാൻ സംഘടനകൾ, അപ്പീൽ പോകുമെന്ന് സർക്കാർ | Dileep
Updated on

കൊച്ചി: കേരളം ഏറെ ആകാംഷയോടെ കാത്തിരുന്ന നടി ആക്രമിക്കപ്പെട്ട കേസിൽ എട്ടര വർഷങ്ങൾക്കിപ്പുറം വിചാരണക്കോടതി വിധി പ്രസ്താവിച്ചു. കേസിൽ ഒന്ന് മുതൽ ആറ് വരെ ഉള്ള പ്രതികൾ കുറ്റക്കാരാണെന്ന് കണ്ടെത്തിയ കോടതി, എട്ടാം പ്രതിയായ നടൻ ദിലീപ് അടക്കമുള്ള നാല് പ്രതികളെ കുറ്റവിമുക്തരാക്കി. ദിലീപിനെതിരെ ചുമത്തിയ ക്രിമിനൽ ഗൂഢാലോചന കുറ്റം തെളിയിക്കാൻ പ്രോസിക്യൂഷന് സാധിക്കാത്തതിനെ തുടർന്നാണ് ഈ വിധി.(Dileep gets relief in legal battle, Malayalam cinema has changed in the meantime )

ദിലീപിന് കോടതി വിധി വലിയ ആശ്വാസമാണ് നൽകുന്നതെങ്കിലും നിയമപരമായ പോരാട്ടങ്ങൾ അവസാനിക്കുന്നില്ല. വിധിയിൽ തൃപ്തരല്ലെന്ന് അറിയിച്ച സംസ്ഥാന സർക്കാർ, അപ്പീലുമായി മേൽക്കോടതിയെ സമീപിക്കുമെന്ന് നിയമമന്ത്രി പി. രാജീവ് വ്യക്തമാക്കി. പ്രോസിക്യൂഷൻ അപ്പീലുമായി മുന്നോട്ട് പോകുമ്പോൾ ഈ കേസ് മലയാളികളുടെ സജീവ ശ്രദ്ധയിൽത്തന്നെ നിലനിൽക്കുമെന്ന് ഉറപ്പാണ്.

2017 ഫെബ്രുവരിയിൽ കേസിന് ആസ്പദമായ സംഭവം നടക്കുമ്പോൾ, മലയാള സിനിമയിൽ പ്രമുഖനായിരുന്നു ദിലീപ്. കുടുംബ പ്രേക്ഷകരുടെ പ്രിയ താരമായിരുന്നതിനാൽ അദ്ദേഹത്തിന്റെ സിനിമകൾക്ക് ഉയർന്ന സാറ്റലൈറ്റ് മൂല്യം ഉണ്ടായിരുന്നു. എന്നാൽ, കേസുമായി ബന്ധപ്പെട്ട് ദിലീപിന്റെ പങ്ക് പൊതുസമൂഹത്തിൽ ചർച്ചയായി നിന്ന സമയത്ത് റിലീസായ 'രാമലീല' വിജയിച്ചതൊഴിച്ചാൽ, പിന്നീടുള്ള ദിലീപിന്റെ കരിയർ മോശം തിരഞ്ഞടുപ്പുകളുടേതും തുടർ പരാജയങ്ങളുടേതുമായിരുന്നു. ഈ പരാജയങ്ങൾക്ക് ദിലീപിന്റെ മാറിയ പ്രതിച്ഛായയും ഒരു കാരണമായെന്ന് ഉറപ്പാണ്.

കഴിഞ്ഞ എട്ട് വർഷങ്ങൾക്കിടയിൽ മലയാള സിനിമ ഒട്ടേറെ മാറ്റങ്ങളിലൂടെ കടന്നുപോയിട്ടുണ്ട്. ഹേമ കമ്മിറ്റി റിപ്പോർട്ടിലേക്കും സിനിമാ സെറ്റുകളിലെ ലിംഗപരമായ അസമത്വത്തെക്കുറിച്ചുമുള്ള ചർച്ചകൾക്ക് തുടക്കമിട്ടതും ഈ കേസ് തന്നെയായിരുന്നു. സിനിമ പൂർണ്ണമായും ഡിജിറ്റലാവുകയും, ഒ.ടി.ടി. സാധ്യതകളിലൂടെ മികച്ച ഉള്ളടക്കമുള്ള ചിത്രങ്ങൾ മറുഭാഷാ പ്രേക്ഷകർക്കിടയിൽ പോലും സ്വീകാര്യത നേടുകയും ചെയ്തു. വിധിക്ക് പിന്നാലെ സിനിമാ മേഖലയിൽ നിന്ന് സമ്മിശ്ര പ്രതികരണങ്ങളാണ് ഉയർന്നതെങ്കിലും, കൂടുതലും വിധിയെ സ്വാഗതം ചെയ്തുകൊണ്ടും ദിലീപിനെ കുറ്റവിമുക്തനാക്കിയതിൽ സന്തോഷം പങ്കുവെച്ചുകൊണ്ടുള്ളവയാണ്.

കൊച്ചിയിൽ താരസംഘടനയായ 'അമ്മ'യുടെ എക്‌സിക്യൂട്ടീവ് യോഗം ചേരുകയും ഭാവി നടപടികൾ ചർച്ച ചെയ്യുകയും ചെയ്തു. ദിലീപിനെ ഫെഫ്കയിലേക്ക് തിരിച്ചെടുക്കാനുള്ള ആലോചനകളും തുടങ്ങിയിട്ടുണ്ട്. കോടതി വിധിക്ക് പിന്നാലെ സജീവമാകാൻ ശ്രമിക്കുന്ന ദിലീപിനെ കാത്തിരിക്കുന്നത്, ഉള്ളടക്കത്തിനും പുതുമയ്ക്കും പ്രാധാന്യം നൽകുന്ന മാറിയ മലയാള സിനിമയാണ്.

നടി ആക്രമിക്കപ്പെട്ട കേസിൽ കുറ്റവിമുക്തനായി കോടതി വിധി വന്നതിന് പിന്നാലെ, നടൻ ദിലീപ് അതിരില്ലാത്ത സന്തോഷത്തിലാണ്. വിധി കേട്ട ശേഷം ദിലീപ് നേരെ പോയത് കേസിൽ തനിക്കുവേണ്ടി ഹാജരായ കേരള ഹൈക്കോടതിയിലെ മുതിർന്ന അഭിഭാഷകൻ രാമൻ പിള്ളയെ കാണാനാണ്. കാലിന് പരിക്കേറ്റ് എളമക്കരയിലെ വീട്ടിൽ വിശ്രമിക്കുകയായിരുന്ന അഡ്വ. രാമൻ പിള്ള വിധി കേൾക്കാൻ കോടതിയിൽ എത്തിയിരുന്നില്ല. "ഇത്തരത്തിൽ ഒരു തെളിവുമില്ലാത്ത കേസ് തന്റെ പ്രൊഫഷണൽ ജീവിതത്തിൽ കണ്ടിട്ടില്ല," എന്ന് പറഞ്ഞ രാമൻ പിള്ള, പ്രോസിക്യൂഷൻ തികഞ്ഞ കള്ളക്കേസ് കെട്ടിച്ചമച്ചെന്നും ആരോപിച്ചു. വീട്ടിലെത്തിയ ദിലീപിനെ അഭിഭാഷകൻ കെട്ടിപ്പിടിച്ച് സന്തോഷം പങ്കുവെച്ചു. അഭിഭാഷകന്റെ കൈ ചേർത്തുപിടിച്ചാണ് നടൻ തന്റെ നന്ദി അറിയിച്ചത്.

അഭിഭാഷകനെ കണ്ട ശേഷം ദിലീപ് നേരെ പോയത് ആലുവയിലെ പത്മസരോവരം വീട്ടിലേക്കാണ്. വീടിനകത്തേക്ക് വിളക്ക് കൊളുത്തി സ്വീകരിച്ച കുടുംബാംഗങ്ങൾക്കിടയിൽ, ഭാര്യ കാവ്യാ മാധവനും മകളും ദിലീപിനെ കെട്ടിപ്പിടിച്ച് ചുംബിച്ചാണ് സന്തോഷം പങ്കുവെച്ചത്. ആലുവയിലെ വീടിന് പുറത്ത് ആരാധകർ വൻ സ്വീകരണം ഒരുക്കി. ദിലീപിന്റെയും കാവ്യയുടെയും ചിത്രം പതിച്ച കേക്ക് മുറിച്ചും ലഡു വിതരണം ചെയ്തുമാണ് ആരാധകർ വിധിയെ സ്വാഗതം ചെയ്തത്. മലയാള സിനിമാ ലോകത്തെയും കേരള സമൂഹത്തെയും പിടിച്ചുകുലുക്കിയ നടി ആക്രമിക്കപ്പെട്ട കേസിന്റെ വിധിപ്രസ്താവം തിങ്കളാഴ്ച എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ നടന്നു. രാവിലെ മുതൽ കേരളം ഒന്നടങ്കം ആകാംഷയോടെയാണ് കോടതി നടപടികൾ വീക്ഷിച്ചത്. തിങ്കളാഴ്ച രാവിലെ 11 മണിക്ക് കോടതി നടപടികൾ ആരംഭിച്ചു, മിനിറ്റുകൾക്കകം വിധി പ്രഖ്യാപനമെത്തി.

കേസിലെ ആദ്യ ആറ് പ്രതികൾ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തി. നടൻ ദിലീപ് അടക്കമുള്ള പ്രതികളെ കോടതി കുറ്റവിമുക്തരാക്കി. വിധി പ്രസ്താവത്തിന് ശേഷം കൈകൂപ്പി തൊഴുതു നിൽക്കുന്ന നടൻ ദിലീപിനെയാണ് കോടതിമുറിയിൽ കാണാനായത്. നീണ്ട നിയമപോരാട്ടങ്ങൾക്കും വിവാദങ്ങൾക്കും ശേഷമാണ് കേസിൽ വിധി വന്നിരിക്കുന്നത്.

നടി ആക്രമിക്കപ്പെട്ട കേസിൽ നിന്ന് കുറ്റവിമുക്തനായതിന് പിന്നാലെ, കേസിൽ നടന്ന യഥാർത്ഥ ഗൂഢാലോചന തനിക്കെതിരെയായിരുന്നുവെന്ന് നടൻ ദിലീപ് പ്രതികരിച്ചു. ജയിലിൽ പ്രതികളെ കൂട്ടുപിടിച്ച് പോലീസ് ഒരു കള്ളക്കഥ മെനഞ്ഞെടുത്തെന്നും, ചില മാധ്യമങ്ങളും മാധ്യമപ്രവർത്തകരും പോലീസിന് കൂട്ടുനിന്നെന്നും അദ്ദേഹം ആരോപിച്ചു. മുൻ ഭാര്യയായ നടി പറഞ്ഞിടത്ത് നിന്നാണ് എല്ലാം ആരംഭിച്ചതെന്നും അദ്ദേഹം പറഞ്ഞു.

വികാരാധീനനായി സംസാരിച്ച ദിലീപ്, തന്നെ പ്രതിയാക്കാനാണ് യഥാർത്ഥ ഗൂഢാലോചന നടന്നതെന്നും, ആ കള്ളക്കഥ കോടതിയിൽ തകർന്നു വീഴുകയായിരുന്നുവെന്നും പറഞ്ഞു. "എന്റെ ജീവിതം, എന്റെ കരിയർ അങ്ങനെയെല്ലാം തകർത്തു." ഈ പ്രതിസന്ധി ഘട്ടത്തിൽ തന്നെ പിന്തുണച്ച എല്ലാവർക്കും, തനിക്കുവേണ്ടി കോടതിമുറിക്കുള്ളിൽ വാദിച്ച അഭിഭാഷകർക്കും അദ്ദേഹം നന്ദി അറിയിച്ചു. തനിക്കെതിരെ കെട്ടിച്ചമച്ച തെളിവുകളാണ് കോടതിയിൽ എത്തിയത് എന്ന ദിലീപിന്റെ വാദത്തെ ശരിവെക്കുന്നതായിരുന്നു കോടതിയുടെ വിധി.

കേരളത്തെ നടുക്കിയ നടിയെ ആക്രമിച്ച കേസിൽ ഒന്ന് മുതൽ 6 വരെ പ്രതികൾ കുറ്റക്കാരെന്ന് കോടതി. നടൻ ദിലീപിനെ കുറ്റവിമുക്തനാക്കി. ഗൂഢാലോചനയ്ക്ക് തെളിവില്ലാത്തതാണ് കാരണം. കേരളം ഉറ്റുനോക്കിയ നടി ആക്രമിക്കപ്പെട്ട കേസിലെ എട്ടാം പ്രതിയാണ് ദിലീപ്. അദ്ദേഹത്തെ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി വെറുതെ വിട്ടു. എന്നാൽ കേസിലെ ഒന്നാം പ്രതിയായ പൾസർ സുനിയടക്കമുള്ള ആറ് പ്രതികൾ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തി. വര്ഷങ്ങളോളം നീണ്ട വിചാരണ പൂർത്തിയാക്കിയാണ് പ്രിൻസിപ്പൽ സെഷൻസ് കോടതി ജഡ്ജി ഹണി എം. വർഗീസ് വിധി പ്രസ്താവിച്ചത്. ശിക്ഷാവിധി 12നു പ്രഖ്യാപിക്കും.

Related Stories

No stories found.
Times Kerala
timeskerala.com