ദിലീപിനെ വെറുതെ വിട്ട കോടതി വിധി: പ്രോസിക്യൂഷൻ ഹൈക്കോടതിയിലേക്ക്, വിധി അന്തിമമല്ലെന്ന് മുൻ DGP ബി സന്ധ്യ | Dileep

തുടർ നടപടികൾ ഉണ്ടാകുമെന്നും അവർ പറഞ്ഞു
Dileep acquitted on Actress assault case, Prosecution to approach High Court
Updated on

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിൽ നടൻ ദിലീപിനെ കുറ്റവിമുക്തനാക്കിയ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയുടെ വിധി ചോദ്യം ചെയ്ത് പ്രോസിക്യൂഷൻ ഹൈക്കോടതിയെ സമീപിക്കും. കോടതി വിധി പരിശോധിച്ച് തുടർനടപടി സ്വീകരിക്കുമെന്ന് പബ്ലിക് പ്രോസിക്യൂട്ടർ അറിയിച്ചു. ക്രിമിനൽ ഗൂഢാലോചന തെളിയിക്കാൻ സാധിച്ചില്ലെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് എട്ടാം പ്രതിയായ ദിലീപിനെ കോടതി വെറുതെ വിട്ടത്. (Dileep acquitted on Actress assault case, Prosecution to approach High Court)

കേസ് അന്വേഷണത്തിന് മേൽനോട്ടം വഹിച്ച മുൻ ഡി.ജി.പി. ബി. സന്ധ്യ കോടതി വിധിയിൽ പ്രതികരിച്ചു. വിധി അന്തിമമല്ലെന്നും മേൽക്കോടതികളുണ്ടെന്നും അവർ വ്യക്തമാക്കി. "കേസിലെ കൂട്ട ബലാത്സംഗം തെളിഞ്ഞതിൽ സന്തോഷമുണ്ട്. അന്വേഷണ സംഘം മികച്ച രീതിയിലാണ് ജോലി ചെയ്തത്, പ്രോസിക്യൂഷനും നല്ല ജോലി ചെയ്തു. നിരവധി വെല്ലുവിളികളാണ് വിചാരണ വേളയിൽ നേരിട്ടത്. അതിജീവിതക്കൊപ്പം ഇനിയും അന്വേഷണ സംഘം ഉണ്ടാകും. വിധി അന്തിമമല്ല, മേൽക്കോടതികളുണ്ട്. അന്തിമ വിധി വരുന്നതുവരെ അതിജീവിതക്കൊപ്പം പ്രോസിക്യൂഷനും ഉണ്ടാകും. തുടർ നടപടികളുമായി മുന്നോട്ടുപോകും" അവർ പറഞ്ഞു.

ഈ കേസിലൂടെ കേരളത്തിലും സിനിമാ മേഖലയിലും പോസിറ്റീവായ മാറ്റങ്ങളുണ്ടായതായും ബി. സന്ധ്യ കൂട്ടിച്ചേർത്തു. വര്ഷങ്ങളോളം നീണ്ട വിചാരണയ്ക്ക് ശേഷമാണ് എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി ജഡ്ജി ഹണി എം. വർഗീസ് വിധി പ്രഖ്യാപിച്ചത്. കേസിലെ ഒന്ന് മുതൽ ആറ് വരെയുള്ള പ്രതികളായ പൾസർ സുനി, മാർട്ടിൻ ആന്റണി, ബി. മണികണ്ഠൻ, വി.പി. വിജീഷ്, എച്ച്. സലീം, പ്രദീപ് എന്നിവർ കുറ്റകൃത്യത്തിൽ നേരിട്ട് പങ്കെടുത്തതായി തെളിഞ്ഞു.

ഏഴാം പ്രതി ചാർളി തോമസ് (പ്രതികളെ ഒളിവിൽ പോകാൻ സഹായിച്ചയാൾ), എട്ടാം പ്രതി ദിലീപ് (ഗൂഢാലോചന), ഒമ്പതാം പ്രതി സനൽകുമാർ (പ്രതികളെ ജയിലിൽ സഹായിച്ചയാൾ), പത്താം പ്രതി ശരത് ജി. നായർ എന്നിവരെയാണ് കോടതി വെറുതെ വിട്ടത്.

Related Stories

No stories found.
Times Kerala
timeskerala.com