

പ്രണവ് മോഹന്‍ലാലിനെ നായകനാക്കി രാഹുല്‍ സദാശിവന്‍ സംവിധാനം ചെയ്ത 'ഡീയസ് ഈറേ'യുടെ ഓഫീഷ്യൽ കളക്ഷൻ കണക്കുകൾ പുറത്ത്. കഴിഞ്ഞ മാസം അവസാനം റിലീസ് ചെയ്ത ചിത്രം പതിനഞ്ച് ദിവസം കൊണ്ട് 75 കോടിയിലധികം കളക്ഷൻ നേടിയതായാണ് റിപ്പോർട്ട്. മൂന്നാം വാരത്തിലേക്ക് കടന്ന ചിത്രം 475ലധികം സ്ക്രീനുകളിലാണ് പ്രദർശിപ്പിക്കുന്നത്. ഇതോടെ 100 കോടിയിലേക്ക് ചിത്രം കുതിക്കുമോ എന്നാണ് പ്രേക്ഷകർ ഉറ്റുനോക്കുന്നത്.
രാഹുൽ സദാശിവൻ തിരക്കഥ രചിച്ച ചിത്രം നിർമ്മിച്ചത് ചക്രവർത്തി രാമചന്ദ്ര, എസ്. ശശികാന്ത് എന്നിവർ ചേർന്നാണ്. ക്രിസ്റ്റോ സേവ്യര്‍ ആണ് പശ്ചാത്തല സംഗീതം ഒരുക്കിയിരിക്കുന്നത്. ഷെഹ്നാദ് ജലാല്‍ ഐഎസ്‌സി ഛായാഗ്രഹണവും ഷഫീക്ക് മുഹമ്മദ് അലി എഡിറ്റിങ്ങും നിര്‍വഹിച്ചിരിക്കുന്നു. ‘ക്രോധത്തിൻ്റെ ദിനം’ എന്ന അർത്ഥം വരുന്ന ‘ദി ഡേ ഓഫ് റാത്ത്’ എന്നതാണ് ചിത്രത്തിൻ്റെ ടൈറ്റിൽ ടാഗ് ലൈൻ. ഹൊറർ ചിത്രങ്ങളിൽ മലയാളികൾക്ക് പുത്തൻ ദൃശ്യാനുഭവം സമ്മാനിക്കുന്നതായിരുന്നു ഡീയസ് ഈറേയുടെ അവതരണം.
പ്രേക്ഷകശ്രദ്ധ നേടിയ ഭൂതകാലം, ഭ്രമയുഗം എന്നീ ചിത്രങ്ങള്‍ക്ക് ശേഷം രാഹുൽ സദാശിവൻ സംവിധാനം ചെയ്ത ചിത്രമായിരുന്നു പ്രണവ് മോഹന്‍ലാല്‍ നായകനായ ഡീയസ് ഈറേ. പ്രീമിയര്‍ ഷോകളില്‍ മികച്ച അഭിപ്രായം നേടിയ ചിത്രം പിന്നീട് തീയറ്ററുകളിൽ തിളങ്ങുന്ന കാഴ്ചയാണ് കണ്ടത്. നവംബർ ഏഴിനായിരുന്നു ചിത്രത്തിന്റെ തെലുങ്ക് പതിപ്പ് തിയറ്ററുകളില്‍ എത്തിയത്. പിന്നാലെ കഴിഞ്ഞ ദിവസം വരെയുള്ള കണക്കുകൾ പരിശോധിക്കുമ്പോൾ ഡീയസ് ഈറേ തെലുങ്ക് പതിപ്പ് ആദ്യ അഞ്ച് ദിനങ്ങളില്‍ നിന്ന് നേടിയത് 30 ലക്ഷം രൂപയാണ്.