
ധ്യാൻ ശ്രീനിവാസനെ നായകനാക്കി രാഹുല്‍ ജി, ഇന്ദ്രനീല്‍ ജി.കെ എന്നിവർ ചേർന്നു സംവിധാനം ചെയ്ത ‘ഡിറ്റക്റ്റീവ് ഉജ്ജ്വലൻ' ഇനി ഒടിടിയിലേക്ക്. മെയ് 23-ാം തീയതി തീയറ്ററുകളിൽ എത്തിയ ചിത്രം മികച്ച പ്രതികരണം നേടിയാണ് ഒടിടിയിലേക്ക് എത്തുന്നത്. ചിത്രം ഒടിടിയില്‍ നെറ്റ്ഫ്ലിക്സിലൂടെയാണ് എത്തുന്നതെന്നാണ് സൂചന. ഔദ്യോഗിക തീയതി ഇതുവരെ സ്ഥിരീകരിച്ചിട്ടില്ലെങ്കിലും ഉടൻ എത്തുമെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ട്.
ചിത്രത്തിന്റെ ഒടിടി അവകാശം നെറ്റ്ഫ്ലിക്സ് സ്വന്തമാക്കിയതോടെ ആരാധകർ ഏറെ ആശ്ചര്യത്തിലാണ്. കാരണം നെറ്റ്ഫ്ലിക്സ് സമീപ കാലത്ത് മലയാള സിനിമകളുടെ അവകാശം സ്വന്തമാക്കിയിരുന്നില്ല.
മിസ്റ്ററി കോമഡി ത്രില്ലർ വിഭാഗത്തിൽപ്പെടുന്നതാണ് ചിത്രം. പ്ലാച്ചിക്കാവ് ഗ്രാമത്തിൽ നടക്കുന്ന കൊലപാതക പരമ്പരകളും അതിൽ പൊലീസിനു സഹായത്തിനായി എത്തുന്ന ഉജ്ജ്വലന്റെ സാഹസികതകളുമാണ് സിനിമയുടെ പ്രമേയം. വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്സിന്റെ ബാനറിൽ സോഫിയ പോൾ നിർമ്മിക്കുന്ന ചിത്രം വീക്കെൻഡ് സിനിമാറ്റിക് യൂണിവേഴ്സില്‍ ‘മിന്നൽ മുരളി’ക്കു ശേഷം വരുന്ന രണ്ടാമത്തെ ചിത്രമാണ്.
സിജു വില്‍സന്‍, കോട്ടയം നസീർ, നിര്‍മല്‍ പാലാഴി, ഡോ. റോണി ഡേവിഡ് രാജ്, സീമ ജി നായര്‍ എന്നിവരും അമീന്‍ നിഹാല്‍, നിബ്രാസ്, ഷഹബാസ് തുടങ്ങി നിരവധി പുതുമുഖങ്ങളാണ് ചിത്രത്തിൽ അണിനിരക്കുന്നത്.