

തമിഴ് സൂപ്പർതാരം ധനുഷ് തിരക്കഥയെഴുതി സംവിധാനം ചെയ്ത ഏറ്റവും പുതിയ ചിത്രം 'ഇഡ്‌ലി കടൈ' ഒടിടിയിൽ സ്ട്രീമിങ് ആരംഭിച്ചു. ധനുഷ് നായകനാകുന്ന ചിത്രത്തിൽ നിത്യ മേനോനാണ് നായിക. 'തിരുച്ചിദ്രമ്പലം' എന്ന ചിത്രത്തിനു ശേഷം ഇരുവരും വീണ്ടും ഒന്നിച്ച ചിത്രമാണിത്. നെറ്റ്ഫ്ളിക്സ് ആണ് ചിത്രത്തിന്റെ സ്ട്രീമിംഗ് പാർട്ണർ. ചിത്രം ഇന്ന് രാവിലെ നെറ്റ്ഫ്ളിക്സിൽ സ്ട്രീമിംഗ് ആരംഭിച്ചു.
തമിഴ്നാട്ടിലെ ഒരു ഗ്രാമത്തിലെ ഒരു ഇഡ്ലി കടയും ആ കുടുംബത്തിന് കടയോടുള്ള സെന്റിമെൻറ്സുമൊക്കെയാണ് ചിത്രം പറയുന്നത്. സത്യരാജ്, സമുദ്രക്കനി, പാർഥിപൻ, അരുൺ വിജയ്, ശാലിനി പാണ്ഡെ, രാജ് കിരൺ, ഗീത കൈലാസം തുടങ്ങിയവരും സുപ്രധാന വേഷങ്ങളിൽ അഭിനയിക്കുന്നുണ്ട്.
വണ്ടര്‍ബാര്‍ ഫിലിംസ്, ഡോണ്‍ പിക്ചേഴ്സ് എന്നീ ബാനറുകളില്‍ ആകാശ് ഭാസ്കരനും ധനുഷും ചേര്‍ന്നാണ് ചിത്രത്തിന്‍റെ നിര്‍മ്മാണം. ധനുഷ് സംവിധാനം ചെയ്ത നാലാമത്തെ ചിത്രമാണ് ഇഡ്‌ലി കടൈ. ജി.വി പ്രകാശ് ആണ് ചിത്രത്തിനായി സംഗീതം ഒരുക്കിയിരിക്കുന്നത്. എഡിറ്റിംഗ് ജി.കെ. പ്രസന്ന, ഛായാഗ്രഹണം കിരൺ കൗശിക്, ആക്ഷൻ കൊറിയോഗ്രാഫി പീറ്റർ ഹെയ്ൻ എന്നിവർ നിർവഹിച്ചിരിക്കുന്നു.