തിരുവനന്തപുരം: സംസ്ഥാന ചലച്ചിത്ര അവാർഡ് പ്രഖ്യാപനത്തിൽ ബാലതാരങ്ങൾക്ക് പുരസ്കാരം നൽകാത്തതിൽ ജൂറി ചെയർമാൻ പ്രകാശ് രാജിനെതിരെ രൂക്ഷ വിമർശനവുമായി ദേവനന്ദ. കുട്ടികളും സമൂഹത്തിൻ്റെ ഭാഗമാണെന്നും അവർക്കും അവസരം കിട്ടണമെന്നും ദേവനന്ദ സാമൂഹിക മാധ്യമത്തിൽ കുറിച്ചു.(Deva Nandha criticizes jury chairman for not awarding child actors)
ഇത്തവണ ബാലതാരങ്ങൾക്കുള്ള പുരസ്കാരത്തിൽ ആരെയും ഉൾപ്പെടുത്തിയിട്ടില്ലെന്ന് പ്രഖ്യാപിച്ച ജൂറി ചെയർമാൻ പ്രകാശ് രാജ്, കുട്ടികളുടെ ചിത്രം നിർമിക്കുന്നതിനെക്കുറിച്ച് സിനിമാ മേഖലയിലുള്ളവർ ചിന്തിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. "യുവതികളും മുതിർന്നവരും മാത്രമല്ല സമൂഹത്തിലുള്ളത്. കുട്ടികളും സമൂഹത്തിൻ്റെ ഭാഗമാണ്. അവരുടെ ലോകം എന്താണെന്ന് കുട്ടികളുടെ സിനിമകളിലൂടെ കാണിക്കണം. സിനിമകളിൽ കുട്ടികൾ അഭിനയിച്ചുവെന്ന് കരുതി അത് കുട്ടികളുടെ സിനിമയാകില്ല. കുട്ടികൾ എന്താണ് ചിന്തിക്കുന്നതെന്ന് ആ സിനിമയിലൂടെ പുറത്തുവരണം. ഒരു സിനിമയും കുട്ടികളുടെ ഭാഗത്തുനിന്നുള്ളതായി ഉണ്ടായില്ല," എന്നായിരുന്നു പ്രകാശ് രാജ് പ്രതികരിച്ചത്.
ജൂറി ചെയർമാന്റെ ഈ വീഡിയോ പങ്കുവെച്ചുകൊണ്ടാണ് ദേവനന്ദയുടെ വിമർശനം. "രണ്ടു കുട്ടികൾക്ക് അവാർഡ് കൊടുക്കാതെ ഇരുന്ന് കൊണ്ടല്ല, കൂടുതൽ കുട്ടികളുടെ സിനിമ ചെയ്യണം എന്ന് പറയാൻ ശ്രമിക്കേണ്ടത്." 'സ്ഥാനാർത്ഥി ശ്രീക്കുട്ടൻ', 'ഗു', 'ഫീനിക്സ്', 'എ.ആർ.എം.' തുടങ്ങിയ നിരവധി സിനിമകളിൽ കുട്ടികൾ അഭിനയിച്ചിട്ടുണ്ട്. ഇതെല്ലാം പരിഗണിച്ച് രണ്ടു കുട്ടികൾക്ക് അവാർഡ് നൽകിയിരുന്നു എങ്കിൽ അത് ഒരുപാട് കുട്ടികൾക്ക് ഊർജ്ജമായി മാറിയേനെ എന്നും ദേവനന്ദ അഭിപ്രായപ്പെട്ടു.
"നിങ്ങൾ കുട്ടികൾക്ക് നേരെ കണ്ണടച്ചോളൂ, പക്ഷേ ഇവിടെ മുഴുവൻ ഇരുട്ട് ആണെന്ന് പറയരുത്. കുട്ടികളും ഈ സമൂഹത്തിൻ്റെ ഭാഗമാണ്. ഇനി വരുന്ന ഒരു തലമുറക്ക് നേരെയാണ് ജൂറി കണ്ണടച്ചത്." കൂടുതൽ അവസരം കിട്ടണമെന്ന് പറഞ്ഞ ജൂറി ചെയർമാൻ കുട്ടികളുടെ അവകാശങ്ങളെ കണ്ടില്ലെന്ന് നടിച്ചതിൽ കടുത്ത അമർഷമുണ്ട്. എല്ലാ മാധ്യമങ്ങളും പൊതുജനങ്ങളും ഇത് ചർച്ച ചെയ്യണമെന്നും അവകാശങ്ങൾ നിഷേധിച്ചുകൊണ്ടല്ല മാറ്റങ്ങൾ ഉണ്ടാകേണ്ടതെന്നും ദേവനന്ദ ആവശ്യപ്പെട്ടു.