

പ്രണവ് മോഹൻലാൽ നായകനായെത്തിയ ഏറ്റവും പുതിയ ചിത്രം ഡീയസ് ഈറേ ഡിസംബർ 5ന് ഒടിടിയിൽ എത്തും. രാഹുൽ സദാശിവൻ ആണ് ഡീയസ് ഈറേയുടെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ചക്രവർത്തി രാമചന്ദ്ര, എസ്. ശശികാന്ത് എന്നിവർ ചേർന്നാണ് നിർമ്മാണം.
'ക്രോധത്തിൻ്റെ ദിനം' എന്ന അർത്ഥം വരുന്ന 'ദി ഡേ ഓഫ് റാത്ത്' എന്നതാണ് ചിത്രത്തിൻ്റെ ടൈറ്റിൽ ടാഗ് ലൈൻ. ജിയോ ഹോട്സ്റ്റാറിനാണ് സ്ട്രീമിംഗ് അവകാശം വിറ്റുപോയിരിക്കുന്നത്. ഇതോടനുബന്ധിച്ചുള്ള ട്രെയിലർ അണിയറ പ്രവർത്തകർ പുറത്തുവിട്ടു. 82 കോടിയാണ് ആഗോളതലത്തിൽ ചിത്രം നേടിയ കളക്ഷൻ.
വലിയ പ്രേക്ഷക- നിരൂപക പ്രശംസ നേടിയ 'ഭ്രമയുഗം' എന്ന ചിത്രത്തിന്റെ വിജയത്തിന് ശേഷം, രാഹുൽ സദാശിവൻ- നൈറ്റ് ഷിഫ്റ്റ് സ്റ്റുഡിയോസ് ടീം ഒന്നിച്ച ചിത്രമാണ് ‘ഡീയസ് ഈറേ’. ആദ്യാവസാനം മികച്ച ഹൊറർ അനുഭവം സമ്മാനിക്കുന്ന, വമ്പൻ സാങ്കേതിക നിലവാരത്തിൽ ഒരുക്കിയ ചിത്രമാണിത്. ഗംഭീരമായ ദൃശ്യങ്ങളും ത്രസിപ്പിക്കുന്ന പശ്‌ചാത്തല സംഗീതവും സിനിമയെ ആവേശകരമാക്കിയിട്ടുണ്ട്.