
'മെയ്ഡ് ഇൻ കാഞ്ഞങ്ങാട്' എന്ന ടാഗോടെ സെന്ന ഹെഗ്ഡെ സംവിധാനം ചെയ്ത ഏറ്റവും പുതിയ ചിത്രമായ 'അവിഹിതം' കുടുംബപ്രേക്ഷകർക്കിടയിലും സാധാരണക്കാർക്കിടയിലും മികച്ച സ്വീകാര്യത നേടി മുന്നേറുകയാണ്. പതിവുപോലെ, ഒരു പ്രാദേശിക പശ്ചാത്തലത്തിലെ മനുഷ്യബന്ധങ്ങളിലെ സൂക്ഷ്മമായ നർമ്മം അവതരിപ്പിക്കുന്നതിൽ സെന്ന ഹെഗ്ഡെ വിജയിച്ചിരിക്കുന്നു.
ചിത്രത്തിലെ നിർമ്മല എന്ന കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച ഡോ. വൃന്ദ മേനോന്റെ പ്രകടനത്തിന് മികച്ച പ്രേക്ഷകപ്രശംസയാണ് ലഭിക്കുന്നത്. നിർമ്മലയുടെ പെരുമാറ്റത്തിലെ പ്രത്യേകതകളും അതിനെ തുടർന്ന് മറ്റുള്ളവരിൽ ഉണ്ടാകുന്ന സംശയങ്ങളുമാണ് ചിത്രം നർമ്മത്തിൽ ചാലിച്ച് അവതരിപ്പിക്കുന്നത്.
പത്തുവർഷത്തോളം ഡെന്റിസ്ട്രി പ്രാക്ടീസ് ചെയ്ത ഡോ. വൃന്ദ മേനോന്റെ അഭിനയ ജീവിതത്തിലെ നാലാമത്തെ ചിത്രം കൂടിയാണ് 'അവിഹിതം'.
1995-ൽ സംസ്ഥാന സ്കൂൾ യൂത്ത് ഫെസ്റ്റിവലിൽ കലാപ്രതിഭയായി ശ്രദ്ധ നേടിയ വൃന്ദ, പിന്നീട് ഡബ്‌സ്‌മാഷ്, ടിക് ടോക് പോലുള്ള പ്ലാറ്റ്‌ഫോമുകളിലൂടെയാണ് അഭിനയത്തിൽ സജീവമായത്.സുധി ബാലൻ സംവിധാനം ചെയ്ത 'ഭാനു' എന്ന ഷോർട്ട് ഫിലിമിലൂടെ പ്രൊഫഷണൽ അഭിനയ രംഗത്തേക്ക് വന്നു.ശേഷം 'ഉപചാരപൂർവം ഗുണ്ട ജയൻ', സിജു വിത്സൻ നായകനായ 'വരയൻ', മിഥുൻ മാനുവൽ തോമസിന്റെ പുറത്തിറങ്ങാത്ത സിനിമകൾ എന്നിവയിൽ അഭിനയിച്ചു.'പ്രേമലു'വിന്റെ വിജയത്തിന് ശേഷം ഈ വർഷം റിലീസായ 'ഡ്യൂഡ്' എന്ന തമിഴ് ചിത്രത്തിലും വൃന്ദ പ്രധാന വേഷം ചെയ്യുന്നുണ്ട്.
പേരിലെ വൈരുദ്ധ്യം കൊണ്ട് ശ്രദ്ധ നേടിയ 'അവിഹിതം' എന്ന വാക്കിന്റെ ആശയം – അതായത്, 'വിലക്കപ്പെട്ട വിഹിതം അഥവാ പങ്ക്' – ഗംഭീരമായി അവതരിപ്പിച്ച സിനിമയാണിത്.
പ്രധാന അഭിനേതാക്കൾ: ഉണ്ണി രാജാ, രഞ്ജിത്ത് കങ്കോൽ
തിരക്കഥ, സംഭാഷണം: അംബരീഷ് കളത്തറ, സെന്ന ഹെഗ്ഡെ
നിർമ്മാണം: ഇഫോർ എക്സ്പിരിമെന്റ്സ്, ഇമാജിൻ സിനിമാസ്, മാർലി സ്റ്റേറ്റ് ഓഫ് മൈൻഡ് എന്നീ ബാനറുകളിൽ മുകേഷ് ആർ. മേത്ത, ഹാരിസ് ദേശം, പി.ബി. അനീഷ്, സി.വി. സാരഥി, സെന്ന ഹെഗ്ഡെ എന്നിവർ ചേർന്നാണ് നിർമ്മിച്ചിരിക്കുന്നത്.
വൃന്ദയുടെ മികച്ച പ്രകടനം താരത്തിന് കൂടുതൽ നല്ല സിനിമകൾ നേടിക്കൊടുക്കുമെന്നാണ് പ്രേക്ഷകരുടെ വിലയിരുത്തൽ.