
ഡെങ്കിപ്പനി സ്ഥിരീകരിച്ചതിനെ തുടർന്ന് നടൻ വിജയ് ദേവരകൊണ്ടയെ ആശുപത്രയിൽ പ്രവേശിപ്പിച്ചു. നിലവിൽ ഡോക്ടർമാരുടെ നിരീക്ഷണത്തിലാണെന്നും കുറച്ച് ദിവസങ്ങൾക്കുള്ളിൽ ആശുപത്രി വിടാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായും കുടുംബം അറിയിച്ചു.
പുതിയ ചിത്രമായ ‘കിങ്‌ഡം’ത്തിന്റെ റിലീസിന് തൊട്ടുമുന്‍പാണ് താരത്തിന് ഡെങ്കിപ്പനി ബാധിച്ചത്. ഇതോടെ ചിത്രം എത്താൻ വൈകുമോ എന്ന ആശങ്കയിലാണ് ആരാധകർ. താരം ഉടൻ സുഖം പ്രാപിക്കുമെന്ന പ്രതീക്ഷയിലാണ് ചിത്രത്തിന്റെ അണിയറ പ്രവർത്തകർ. ഗൗതം തിന്നനൂരി സംവിധാനം ചെയ്യുന്ന ആക്ഷന്‍ ചിത്രം സിംഹള-തമിഴ് സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തിലാണ് ഒരുക്കിയിരിക്കുന്നത്. ആദ്യം മെയ് 30-ന് റിലീസ് ചെയ്യാന്‍ പദ്ധതിയിട്ടിരുന്നെങ്കിലും അത് നീണ്ട് പോകുകയായിരുന്നു. തുടർന്ന് റിലീസ് തീയതി ജൂലായ് നാലിലേക്കും പിന്നീട് ജൂലായ് 31-ലേക്കും മാറ്റുകയായിരുന്നു.
ബിഗ് ബജറ്റ് ചിത്രമായ കിങ്ഡത്തിന്റെ ടീസർ പുറത്തിറങ്ങിയിരുന്നു. തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലുള്ള ടീസറാണ് റിലീസ് ചെയ്തത്. ആക്‌ഷൻ രംഗങ്ങൾക്ക് ഏറെ പ്രാധാന്യം നൽകുന്ന ചിത്രമാണ് കിങ്ഡം. സിനിമയ്ക്കായി നടൻ നടത്തിയ കടുത്ത പരിശീലനങ്ങളുടെ വിഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു.