

മലയാള സിനിമ പ്രേക്ഷകർക്ക് ഈ വർഷം മികച്ച സിനിമകളാണ് ലഭിച്ചത്. മലയാള സിനിമയുടെ ചരിത്രത്തിലെ ഏറ്റവും വലിയ കളക്ഷന്‍ എന്ന റെക്കോര്‍ഡ് രണ്ട് തവണ തകര്‍ക്കപ്പെട്ടതും ഈ വർഷമാണ്. 2025 അവസാനിക്കാൻ രണ്ട് മാസം ബാക്കിയിരിക്കെ തിയറ്ററുകളെ വിറപ്പിച്ച് പ്രണവ് മോഹന്‍ലാല്‍ ചിത്രം ഡീയസ് ഈറേയും എത്തി.
എന്നാൽ, മോളിവുഡില്‍ ഈ വര്‍ഷത്തെ ഏറ്റവും മികച്ച മൂന്നാമത്തെ ഓപണിംഗ് ആണ് പ്രണവ് ചിത്രം നേടിയതെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ആദ്യ ദിനം ആഗോള ബോക്സ് ഓഫീസില്‍ 11.63 കോടി രൂപയാണ് ഡീയസ് ഈറേ നേടിയത്. 68.2 കോടി നേടിയ എമ്പുരാനാണ് ഒന്നാം സ്ഥാനത്ത് പിന്നാലെ മോഹൻലാൽ ചിത്രം തുടരും 17.18 കോടി നേടി രണ്ടാം സ്ഥാനത്തുണ്ട്. മോഹന്‍ലാലിന്‍റെ തന്നെ ഓണച്ചിത്രം ഹൃദയപൂര്‍വ്വമാണ് നാലാം സ്ഥാനത്ത്. മമ്മൂട്ടിയുടെ ബസൂക്ക അഞ്ചാം സ്ഥാനത്തും. 8.43 കോടി ഹൃദയപൂര്‍വ്വം നേടിയപ്പോൾ ഏഴ് കോടിയാണ് ബസൂക്ക നേടിയത്. ആറാമത് 6.60 കോടി നേടി ലോകയുമുണ്ട്.
എന്നാൽ രണ്ടാം ദിവസം ഏഴ് കോടിയോളമാണ് പ്രണവ് ചിത്രം നേടിയത്. ഇതോടെ ആകെ നേടിയത് 18 കോടിയാണ്. സംവിധായകൻ രാഹുൽ സദാശിവൻ തന്നെ തിരക്കഥ രചിച്ച ഒരു ഹൊറർ ത്രില്ലർ ചിത്രമാണിത്. നൈറ്റ് ഷിഫ്റ്റ് സ്റ്റുഡിയോസ്, വൈ നോട്ട് സ്റ്റുഡിയോസ് എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിച്ചത്. മികച്ച ദൃശ്യങ്ങളും ഗംഭീര സംഗീതവും കോർത്തിണക്കി വമ്പൻ സാങ്കേതിക നിലവാരത്തിൽ ഒരുക്കിയ ചിത്രമാണിതെന്നാണ് പ്രേക്ഷകർ പറയുന്നത്.