
ന്യൂഡല്‍ഹി: തങ്ങളുടെ പ്രിയപ്പെട്ട താരങ്ങളോടുള്ള സ്‌നേഹം പ്രകടിപ്പിക്കാന്‍ ആരാധകര്‍ എന്തും ചെയ്യുമെന്ന അവസ്ഥയാണ് നമ്മൾ കണ്ടുവരുന്നത്. അതിന്റെ പേരിൽ ജീവൻ നഷ്ടമായവരുടെ വാർത്തകളും നമ്മൾ കണ്ടതാണ്. ഇപ്പോഴിതാ, ഒരു ആരാധിക, അവര്‍ മരിച്ചതിന് ശേഷം തന്റെ 72 കോടി ആസ്ഥിയുള്ള സ്വത്തുക്കള്‍ ബോളിവുഡ് നടന്‍ സഞ്ജയ് ദത്തിന് എഴുതി നല്‍കിയത് സിനിമാമേഖലയില്‍ ഏറെ ചര്‍ച്ചയാവുകയാണ്.
പലരും ഇത് ഫേക്ക് ന്യൂസ് ആണെന്നാണ് പറഞ്ഞത്. എന്നാല്‍ സംഭവത്തില്‍ പ്രതികരിച്ചിരിക്കുകയാണ് സഞ്ജയ് ദത്ത്. വാര്‍ത്തകള്‍ സത്യമാണെന്നും ആ സ്വത്തുക്കള്‍ താന്‍ എന്താണ് ചെയ്തതെന്നും ഒരു അഭിമുഖത്തില്‍ അദ്ദേഹം വിശദീകരിച്ചു. 72 കോടിയോളമുള്ള സ്വത്തുക്കള്‍ അവരുടെ കുടുംബത്തിന് തിരിച്ചു നല്‍കിയെന്നാണ് സഞ്ജയ് വ്യക്തമാക്കിയത്.
"2018ലായിരുന്നു സംഭവം. നിഷ പാട്ടീല്‍ എന്ന 62 വയസുകാരി തൻ്റെ കടുത്ത ആരാധികയാണ്. അവരുടെ മുഴുവന്‍ സ്വത്തുക്കളും എന്റെ പേരില്‍ എഴുതി നല്‍കി. മാരകമായ അസുഖത്താല്‍ ബുദ്ധിമുട്ടുന്ന അവര്‍ തന്റെ മരണശേഷം എല്ലാ സ്വത്തുക്കളും സഞ്ജയ് ദത്തിന് കൈമാറണമെന്ന് ബാങ്കിനോട് ആവശ്യപ്പെടുകയായിരുന്നു. പക്ഷെ അത് സ്വീകരിക്കാതെ കുടുംബത്തിന് താന്‍ തിരികെ നല്‍കുകയായിരുന്നു." - അദ്ദേഹം പറഞ്ഞു.
ഷാരുഖ് ഖാനും ആരാധകനുമായുള്ള ഒരു അനുഭവം അടുത്തിടെ പങ്കുവെച്ചിരുന്നു. തന്റെ വസതിയായ മന്നത്തിന്റെ സുരക്ഷ ലംഘിച്ച് ഒരു ആരാധകന്‍ അദ്ദേഹത്തിന്റെ കുളത്തില്‍ നീന്താന്‍ ഇറങ്ങിയ കഥയാണ് ഷാരുഖ് പറഞ്ഞത്.
"ഒരു ദിവസം രാത്രി ഒരു വ്യക്തി വീട്ടിലേക്ക് സുരക്ഷ ജീവനക്കാരുടെ കണ്ണുവെട്ടിച്ച് ഉള്ളില്‍ കയറി. അദ്ദേഹം തന്റെ വസ്ത്രങ്ങളഴിച്ച് എന്റെ സ്വിമ്മിങ്പൂളിലേക്ക് ചാടി, നീന്തി. ഇത് കണ്ട സുരക്ഷ ജീവനക്കാര്‍ അദ്ദേഹത്തെ പിടികൂടി. എന്നാല്‍, 'എനിക്ക് ഒന്നും വേണ്ട. ഷാരുഖ് ഖാന്റെ സ്വിമ്മിങ് പൂളില്‍ കുളിച്ചാല്‍ മതി' എന്ന് അയാൾ പറഞ്ഞു. അത് എന്നെ സംബന്ധിച്ച് വളരെ കൗതുകവും പ്രിയപ്പെട്ടതുമായി തോന്നി. അദ്ദേഹത്തെ വെറുതെ വിടാന്‍ ഞാന്‍ ജീവനക്കാരോട് പറഞ്ഞു. ഞാന്‍ അദ്ദേഹത്തെ കെട്ടിപ്പിടിച്ചു. എന്റെ ഫോട്ടോയോ ഓട്ടോഗ്രാഫോ ഒന്നും അദ്ദേഹത്തിന് വേണ്ട എന്നത് എന്നെ അതിശയിപ്പിച്ചു." - ഷാരുഖ് ഖാന്‍ പറഞ്ഞു.