
'ദി ഇന്റേണ്‍' എന്ന ചിത്രത്തിന്റെ ഹിന്ദി റീമേക്കിൽ നടി ദീപിക പദുകോണ്‍ അഭിനയിക്കില്ല. അമിതാഭ് ബച്ചനൊപ്പം അഭിനയിക്കാന്‍ തീരുമാനിച്ചിരുന്നെങ്കിലും ദീപിക ചിത്രം നിര്‍മിക്കുക മാത്രമേ ചെയ്യുകയുള്ളൂ. "ദീപിക സിനിമയില്‍ അഭിനയിക്കില്ല. പകരം നിര്‍മാതാവായി മാത്രം പ്രവര്‍ത്തിക്കും. ക്രിയേറ്റീവ് കാര്യങ്ങളില്‍ മേല്‍നോട്ടം വഹിക്കുകയും ചെയ്യും. ദീപിക അവതരിപ്പിക്കാന്‍ തീരുമാനിച്ചിരുന്ന വേഷത്തിനായി പുതിയ നായികയെ നിയമിക്കും." -എന്നാണ് മിഡ് ഡേ റിപ്പോര്‍ട്ട് ചെയ്യുന്നത്.
ആന്‍ ഹാതവെ, റോബേര്‍ട്ട് ഡി നീരോ എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളായി എത്തി 2015 ല്‍ പുറത്തിറങ്ങിയ ഹോളിവുഡ് ചിത്രമാണ് ദി ഇന്റേണ്‍. 2020 ലാണ് കെഎ പ്രൊഡക്ഷന്‍സ് ചിത്രത്തിന്റെ അവകാശം നേടിയത്. അന്നു മുതല്‍ ഹിന്ദി റീമേക്കിന്റെ പണിപ്പുരയിലാണ് നിര്‍മാതാക്കള്‍.
ഋഷി കപൂര്‍ ആയിരുന്നു ചിത്രത്തില്‍ ആദ്യമായി പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കാന്‍ ഇരുന്നത്. എന്നാല്‍ അദ്ദേഹത്തിന്റെ വിയോഗത്തിന് പിന്നാലെ അത് അമിതാഭ് ബച്ചനിലേക്ക് എത്തി. കൊവിഡ്, ദീപികയുടെ പ്രഗ്നന്‍സി എന്നിവയാണ് ചിത്രത്തിന്റെ നിര്‍മാണം വൈകാന്‍ കാരണമായത്. വാര്‍ണര്‍ ബ്രദേഴ്‌സ് ഇന്ത്യ, കെഎ പ്രൊഡക്ഷന്‍സ്, അസൂര്‍ എന്റര്‍ട്ടെയിന്‍മെന്റ് എന്നിവരുമായി ചേര്‍ന്ന് സുനില്‍ ഖേതേര്‍പാല്‍ ആണ് ഹിന്ദി റീമേക്ക് നിര്‍മിക്കുന്നത്. അമിത് രവീന്ദര്‍നാഥ് ശര്‍മയാണ് സംവിധായകന്‍.