‘കൽക്കി 2898 എഡി’യുടെ രണ്ടാം ഭാഗത്തിൽ നിന്നും ദീപിക പദുക്കോണിനെ ഒഴിവാക്കി നിർമാതാക്കൾ | Kalki 2898 AD

നിർമാതാക്കളായ വൈജയന്തി മൂവീസ് സമൂഹ മാധ്യമങ്ങളിലൂടെ ഇക്കാര്യം സ്ഥിരീകരിച്ചു
Deepika
Published on

പ്രഭാസ് നായകനായെത്തിയ ബ്ലോക് ബസ്റ്റർ ചിത്രം ‘കൽക്കി 2898 എഡി’യുടെ രണ്ടാം ഭാഗത്തിൽ ദീപിക പദുക്കോൺ ഉണ്ടാകില്ലെന്ന് നിർമാതാക്കൾ അറിയിച്ചു. ചർച്ചകൾക്കൊടുവിൽ ഞങ്ങൾ പിരിയുകയാണെന്ന് തീരുമാനിച്ചെന്നും വരാനിരിക്കുന്ന ഭാഗത്ത് ദീപിക പദുക്കോൺ ഉണ്ടായിരിക്കില്ലെന്നും ചിത്രത്തിന്റെ നിർമാതാക്കളായ വൈജയന്തി മൂവീസ് സമൂഹ മാധ്യമങ്ങളിലൂടെ സ്ഥിരീകരിച്ചു. ചിത്രത്തിന്റെ ആദ്യ ഭാഗത്ത് സുമതി എന്ന നായികാ കഥാപാത്രമായി എത്തിയത് ദീപിക പദുക്കോൺ ആയിരുന്നു.

‘‘കൽക്കി 2898 എഡിയുടെ വരാനിരിക്കുന്ന സീക്വലിൽ നടി ദീപിക പദുക്കോൺ ഭാഗമാകില്ലെന്ന് ഔദ്യോഗികമായി പ്രഖ്യാപിക്കുന്നു. വളരെ ശ്രദ്ധാപൂർവ്വമായ ചർച്ചകൾക്കു ശേഷം ഞങ്ങൾ വേർപിരിയാൻ തീരുമാനിച്ചു. ആദ്യ സിനിമ നിർമിക്കുന്നതിനിടയിലുള്ള നീണ്ട യാത്രയിൽ ഒരുമിച്ചുണ്ടായിരുന്നെങ്കിലും ഞങ്ങളുടെ പങ്കാളിത്തം പഴയതുപോലെ തുടരാൻ കഴിഞ്ഞില്ല. കൽക്കി 2898 എഡി പോലുള്ള ഒരു സിനിമ ഇതിലും കൂടുതൽ പ്രതിബദ്ധതയും പരിഗണനയും അർഹിക്കുന്നു എന്ന് ഞങ്ങൾ വിശ്വസിക്കുന്നു. ദീപികയുടെ ഭാവി പ്രവർത്തനങ്ങൾക്ക് ഞങ്ങൾ ആശംസകൾ നേരുന്നു.’’ - വൈജയന്തി മൂവിസ് പങ്കുവച്ച് ഔദ്യോഗിക കുറിപ്പ്.

അമിതാഭ് ബച്ചൻ, പ്രഭാസ്, ദീപിക പദുക്കോൺ, കമൽ ഹാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നാഗ് അശ്വിൻ സംവിധാനം ചെയ്ത ചിത്രമാണ് കൽക്കി 2898 എഡി. കഴിഞ്ഞ വർഷം റിലീസ് ചെയ്ത ചിത്രം ബോക്സ് ഓഫിസിൽ വന്‍ വിജയമായിരുന്നു. അന്ന് മുതല്‍ ആരാധകർ ചിത്രത്തിന്‍റെ രണ്ടാം ഭാഗത്തിനായി ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. ആദ്യ ഭാഗത്ത് സുമതി, അശ്വത്ഥാമ എന്നിവരുടെ പശ്ചാത്തല കഥകളെയാണ് അവതരിപ്പിച്ചിരുന്നത്.

അതേസമയം, ദീപിക സിനിമയിൽ നിന്ന് പിന്മാറാൻ കാരണം എന്താണെന്ന് വ്യക്തമായിട്ടില്ല. നേരത്തെ സിനിമാ സെറ്റിലെ ജോലി സമയത്തെ ചൊല്ലി ദീപിക ഉന്നയിച്ച നിർദേശങ്ങൾ വിവാദമായിുന്നു. ദീപികയുടെ ഈ നിർദേശങ്ങൾ അംഗീകരിക്കാൻ ആകാതെ സന്ദീപ് റെഡ്ഡി സംവിധാനം ചെയ്യുന്ന ‘സ്പിരിറ്റ്’ എന്ന ചിത്രത്തിൽ നിന്നും ദീപികയെ ഒഴിവാക്കിയിരുന്നു. ഇതിന് പിന്നാലെ ‘കൽക്കി’ സെറ്റിലും കുറഞ്ഞ ജോലി സമയം നടി ചോദിച്ചുവെന്നും ഇത് തർക്കത്തിന് ഇടയാക്കിയെന്നുമാണ് പുറത്തുവരുന്ന റിപ്പോർട്ട്. ഇതേ തുടർന്നാണ് നടിയെ സിനിമയിൽ നിന്ന് പൂർണമായി ഒഴിവാക്കിയതെന്നാണ് വിവരം.

Related Stories

No stories found.
Times Kerala
timeskerala.com