
ദുആ പദുക്കോൺ സിങ്- ബോളിവുഡ് താരദമ്പതികളായ ദീപിക പദുക്കോണും രൺവീർ സിങും തങ്ങളുടെ കുഞ്ഞ് മാലാഖയ്ക്ക് ഇട്ട പേരാണിത്. സമൂഹമാധ്യമത്തിലൂടെ ഇരുവരും കുഞ്ഞിന്റെ പേര് വെളിപ്പെടുത്തിയപ്പോൾ സ്‌നേഹം കൊണ്ട് കമന്റ് ബോക്‌സ് നിറഞ്ഞത് വളരെപ്പെട്ടെന്നായിരുന്നു.
അറബിയിൽ ദുആ എന്നതിനർഥം പ്രാർഥന എന്നാണ്. തങ്ങളുടെ പ്രാർഥനയുടെ ഫലം എന്ന് ദീപിക മകളുടെ ഫോട്ടോയ്‌ക്കൊപ്പം കുറിയ്ക്കുകയും ചെയ്തു.
എന്നാൽ കുട്ടിയുടെ പേര് അത്ര രസിക്കാത്ത ചിലരും ഇന്റർനെറ്റിൽ പ്രത്യക്ഷപ്പെട്ടിട്ടുണ്ടായിരുന്നു. കുഞ്ഞിന് പ്രാർഥന എന്ന് തന്നെ പേരിടാമായിരുന്നു എന്നാണ് സോഷ്യൽ മീഡിയയിൽ ഒരു വിഭാഗം പറയുന്നത്.