
പാകിസ്ഥാനില്‍ നിന്നും ബോളിവുഡ് താരങ്ങള്‍ക്ക് വധഭീഷണി നേരിട്ടതായി റിപ്പോർട്ട്(Death Threat). നടന്‍ രാജ്പാല്‍ യാദവ്, ഗായിക സുഗന്ധ മിശ്ര, അവതാരകൻ കപില്‍ ശര്‍മ്മ, കോറിയോഗ്രാഫര്‍ റെമോ ഡിസൂസ തുടങ്ങയവർക്കാണ് ഇമെയിൽ വഴി വധഭീഷണി ലഭിച്ചത്. സംഭവത്തെ ഗൗരവപൂർവം കാണുന്നു എന്നും വിഷയം അതീവ രഹസ്യമായി വയ്ക്കണമെന്നും സന്ദേശത്തിൽ പറയുന്നു.
പാകിസ്ഥാനില്‍ നിന്നുമാണ് ഭീഷണി നിറഞ്ഞ ഇ-മെയിലുകള്‍ താരങ്ങള്‍ക്ക് ലഭിച്ചിരിക്കുന്നത്. മെയിൽ അയച്ച് 8 മണിക്കൂറിനുള്ളിൽ പ്രതികരിക്കാത്തപക്ഷം വ്യക്തിപരമായും തൊഴില്‍പരമായും ഗുരുതര പ്രത്യാഘാതം നേരിടേണ്ടി വരുമെന്നാണ് കപില്‍ ശര്‍മയ്ക്ക് ലഭിച്ച ഇ-മെയിലിലെ ഭീഷണി. നിങ്ങളെ ബുദ്ധിമുട്ടിക്കുന്നതിനോ പ്രശസ്തി നേടുന്നതിനോ വേണ്ടിയല്ല മെയിൽ അയക്കുന്നതെന്നും അടുത്തിടെയുള്ള നിങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിച്ചു വരികയാണെന്നും സുപ്രധാനമായ ഒരുകാര്യം നിങ്ങളുടെ ശ്രദ്ധയില്‍പ്പെടുത്താനാണ് ഈ സന്ദേശം അയക്കുന്നതെന്നും 'ബിഷ്ണു' എന്ന് അവകാശപ്പെടുന്നയാള്‍ മെയിലിലൂടെ വിളിച്ചു പറയുന്നത്.
ബോളിവുഡ് താരങ്ങള്‍ക്കെതിരായ ഭീഷണി സന്ദേശങ്ങള്‍ ലഭിച്ചത് എന്‍.സി.പി നേതാവ് ബാബ സിദ്ദിഖി കൊല്ലപ്പെട്ട സംഭവത്തിന് പിന്നാലെയായതിനാൽ പൊലീസ് അതീവ ഗൗരവമായാണ് സംഭവത്തെ കാണുന്നത്. ആറ് തവണ കുത്തേറ്റ് ഗുരുതരമായ പരിക്കുകളുണ്ടായിരുന്ന സെയ്ഫ് അലിഖാൻ ലീലാവതി ആശുപത്രിയില്‍ ചികിത്സ കഴിഞ്ഞ് കഴിഞ്ഞ ദിവസമാണ് ആശുപത്രി വിട്ട് വീട്ടിലെത്തിയത്. ഇതിനു ശേഷമാണ് ബോളിവുഡ് താരങ്ങൾക്ക് വധഭീഷണി എത്തിയത്.