
'ദംഗൽ' എന്ന ആമിര്‍ഖാൻ ചിത്രത്തിലൂടെ ശ്രദ്ധേയായ നടി സൈറ വസീം വിവാഹിതയായി. സൈറ തന്നെയാണ് വിവാഹചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവച്ചത്. അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിൽ വളരെ സ്വകാര്യമായിട്ടായിരുന്നു വിവാഹച്ചടങ്ങുകൾ നടന്നത്. 'ഖുബൂൽ ഹേ (ഞാൻ അത് സ്വീകരിക്കുന്നു)' എന്ന അടിക്കുറിപ്പോടെയാണ് സൈറ ചിത്രങ്ങൾ പങ്കുവച്ചത്.
ഭർത്താവിനൊപ്പം നിൽക്കുന്ന ഫോട്ടോയും വിവാഹ ഉടമ്പടിയിൽ ഒപ്പ് വയ്ക്കുന്ന ചിത്രവും താരം പങ്കുവച്ചിട്ടുണ്ട്. സ്വര്‍ണ നൂലുകൊണ്ട് മനോഹരമായി എംബ്രോയിഡറി ചെയ്ത കടും ചുവപ്പ് നിറത്തിലുള്ള ദുപ്പട്ടയാണ് നടി ധരിച്ചിരുന്നത്. വരന്‍ ക്രീം നിറത്തിലുള്ള ഷെര്‍വാണിയും ഷോളുമാണ് അണിഞ്ഞിരിക്കുന്നത്.
2016ൽ പതിനാറാം വയസിലാണ് സൈറ സിനിമയിലെത്തുന്നത്. ആദ്യ ചിത്രം തന്നെ ബ്ലോക്ക്ബസ്റ്റായിരുന്നു. ലോകമെമ്പാടും ഏറ്റവും കൂടുതൽ കലക്ഷൻ നേടിയ ഇന്ത്യൻ ചിത്രമായി ഈ സിനിമ മാറി . 2017ൽ അഭിനയിച്ച സീക്രട്ട് സൂപ്പര്‍സ്റ്റാറും ഹിറ്റായിരുന്നു. മികച്ച സഹനടിക്കുള്ള ദേശീയ പുരസ്കാരങ്ങൾ ഉൾപ്പെടെ നിരവധി പുരസ്കാരങ്ങളും സൈറക്ക് ലഭിച്ചു. 2019 ൽ പുറത്തിറങ്ങിയ ദി സ്കൈ ഈസ് പിങ്കാണ് ഒടുവിൽ അഭിനയിച്ച ചിത്രം. തുടര്‍ന്ന് അഭിനയം നിര്‍ത്തുകയായിരുന്നു.
തന്റെ മതവിശ്വാസത്തെ സിനിമാ അഭിനയം ബാധിക്കുന്നു എന്നായിരുന്നു സൈറ കാരണമായി പറഞ്ഞത്. ഒപ്പം തന്റെ പഴയ ചിത്രങ്ങൾ സമൂഹ്യ മാധ്യമങ്ങളിൽ നിന്നും നീക്കം ചെയ്യണമെന്നും ഇനി അത്തരം ചിത്രങ്ങൾ പങ്കുവെക്കരുതെന്നും സൈറ ആരാധകരോട് ആവശ്യപ്പെട്ടിരുന്നു.